Skip to main content

കല്‍പ്പറ്റ നഗരസഭയില്‍ ഖരമാലിന്യ പരിപാലന മാസ്റ്റര്‍ പ്ലാന്‍ കരട് രൂപരേഖ തയ്യാറാക്കി

 കല്‍പ്പറ്റ നഗരസഭയില്‍ കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പദ്ധതിയുടെ നേതൃത്വത്തില്‍ രണ്ടാംഘട്ട സ്റ്റെയ്ക്ക് ഹോള്‍ഡര്‍ കണ്‍സല്‍ട്ടേഷന്‍ യോഗം ചേര്‍ന്നു. ഖരമാലിന്യ പരിപാലന രൂപരേഖയുടെ (എസ്.ഡബ്ല്യു.എം പ്ലാന്‍) കരട് റിപ്പോര്‍ട്ട് അവതരണവും ചര്‍ച്ചയും നടന്നു. കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു. സെപ്റ്റിക് ടാങ്ക് മാലിന്യം കൈകാര്യം ചെയ്യുന്നതില്‍ കേരളത്തിന്തന്നെ മികച്ച മാതൃകയായ നഗരസഭയില്‍ ഖരമാലിന്യ പരിപാലനത്തിന് സമഗ്ര പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ പറഞ്ഞു. നഗരസഭാ വൈസ് ചെയര്‍പേഴ്സന്‍ കെ. അജിത അധ്യക്ഷത വഹിച്ചു. ജില്ലാ തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബെന്നി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി.
കെ.എസ്.ഡബ്ല്യു.എം.പിയുടെ ഭാഗമായി 5.3 കോടി രൂപയാണ് നഗരസഭയില്‍ വിവിധ ഖരമാലിന്യ പരിപാലന പദ്ധതികള്‍ക്കായി സര്‍ക്കാര്‍ വകയിരുത്തിയത്. അടുത്ത 25 വര്‍ഷത്തില്‍ നഗരസഭയില്‍ ഉണ്ടായേക്കാവുന്ന ജനസംഖ്യാനുപാതികമായ മാലിന്യ പ്രശ്നങ്ങള്‍, അവയെ ശാസ്ത്രീയമായും സമഗ്രമായും പരിപാലിക്കുക, ഉറവിട മാലിന്യ സംസ്‌കരണം ശക്തിപ്പെടുത്തുക, സാമൂഹികതലത്തില്‍ മാലിന്യപരിപാലന സംവിധാനങ്ങള്‍ ഒരുക്കുക, മാലിന്യത്തില്‍ നിന്നും വരുമാനം നേടുന്ന പദ്ധതികള്‍ വിഭാവനം ചെയ്യുക, സാനിട്ടറി-ബയോ മെഡിക്കല്‍ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുക തുടങ്ങി ഖരമാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട സമഗ്രമായ വിവരങ്ങളും പ്രശ്നങ്ങളും പരിഹാര മാര്‍ഗ്ഗങ്ങളും നിര്‍ദേശങ്ങളും രൂപരേഖയില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്. അജൈവ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് പരിശീലനത്തിന് താമരശ്ശേരി ഗ്രീന്‍വേമ്സ് എന്റര്‍പ്രൈസസ് പ്രതിനിധി അരുണ്‍ കുമാര്‍ നേതൃത്വം നല്‍കി.
നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ. മുസ്തഫ, കെ.എസ് ഡബ്ല്യു.എം.പി ഡെപ്യൂട്ടി ജില്ലാ കോര്‍ഡിനേറ്റര്‍ അസ്ഹര്‍ അസീസ് തുടങ്ങിയവര്‍ സംസാരിച്ചു.

date