Skip to main content

ഹിറ്റായി കയറില്‍ തീര്‍ത്ത കേശു

ഹിറ്റായി കയറില്‍ തീര്‍ത്ത കേശു
---------
ആലപ്പുഴ: 69-മത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ കേശുവിന്റെ കയറില്‍ തീര്‍ത്ത ശില്‍പം ഏറ്റെടുത്ത് ആലപ്പുഴക്കാര്‍. കയര്‍ പാര്‍ക്കില്‍ സ്ഥാപിച്ച കേശുവിന്റെ ശില്‍പം കാണാനും ഒപ്പം നിന്നും ഫോട്ടോ എടുക്കാനും ഒട്ടേറെ പേരാണ് ആദ്യദിനം തന്നെ എത്തിയത്. വള്ളംകളിയുടെ പ്രചരണാര്‍ത്ഥം കയര്‍ കോര്‍പറേഷനാണ് കയര്‍ ശില്‍പം എന്ന ആശയവുമായി മുന്നോട്ടുവന്നത്. 

ആലിശ്ശേരി സ്വദേശി അബ്ദുല്‍ റഹ്‌മാനാണ് കയര്‍ കോര്‍പറേഷനുവേണ്ടി കയറില്‍ കേശുവിന്റെ ശില്‍പം ഒരുക്കിയത്. പത്തടി നീളവും പത്തടി വീതിയുമുള്ള ശില്‍പം ത്രീഡി മാതൃകയിലാണ് ഒരുക്കിയിരിക്കുന്നത്. ജി.ഐ. പൈപ്പില്‍ ഫ്രെയിം നിര്‍മ്മിച്ച് 50 മീറ്റര്‍ ഫോര്‍ ഷാഫ്റ്റിംഗ് കയര്‍ ഉപയോഗിച്ച് അഞ്ച് ദിവസം കൊണ്ടാണ് ശില്‍പം നിര്‍മിച്ചത്. നിറത്തിനായി ഇനാമല്‍ പെയിന്റും ഉപയോഗിച്ചിട്ടുണ്ട്.

കയര്‍ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ നഗരസഭ അധ്യക്ഷ കെ.കെ ജയമ്മ ശില്‍പം അനാഛാദനം ചെയ്തു. കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ജി. വേണുഗോപാല്‍, എം.ഡി പ്രവീണ്‍ ജി. പണിക്കര്‍, നഗരസഭ കൗണ്‍സിലര്‍ കവിത തുടങ്ങിയവര്‍ പങ്കെടുത്തു.

date