Skip to main content

ക്യാമറകണ്ണിലെ വള്ളംകളിക്കാഴ്ചകളുമായി 'തുഴത്താള'ത്തിന് തുടക്കം

ആലപ്പുഴ: വള്ളംകളിയുടെ ആവേശം വിതറി 'തുഴത്താളം' ഫോട്ടോ പ്രദർശനത്തിന് തുടക്കം. നെഹ്‌റു ട്രോഫി ജലോത്സവത്തിന്റെ വീറും വാശിയും ഒപ്പിയെടുത്ത കാമറക്കാഴ്ചകൾ അണിനിരത്തി ആലപ്പുഴ പ്രസ് ക്ലബ്ബും എൻ.ടി.ബി.ആർ. പബ്‌ളിസിറ്റി കമ്മിറ്റിയും സംയുക്തമായാണ് ഫോട്ടോ പ്രദർശനം സംഘടിപ്പിക്കുന്നത്. ആലപ്പുഴ നഗരചത്വരത്തിലെ ഓപ്പൺ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ചിത്രപ്രദർശനം നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി സെക്രട്ടറി ആലപ്പുഴ സബ് കളക്ടർ സൂരജ് ഷാജി ഉദ്ഘാടനം ചെയ്തു. അടുത്ത വർഷം മുതൽ ചിത്രപ്രദർശനത്തിലെ മികച്ച ചിത്രത്തിന് പുരസ്‌കാരം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. പ്രദർശനത്തിലെ തിരഞ്ഞെടുത്ത ചിത്രങ്ങൾ നെഹ്‌റു ട്രോഫിയുടെ പ്രചാരണത്തിനായി ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

പ്രസ് ക്ലബ് പ്രസിഡന്റ് എസ്. സജിത്ത് അധ്യക്ഷത  വഹിച്ചു.  ജില്ല ഇൻഫർമേഷൻ ഓഫീസർ കെ.എസ്. സുമേഷ് മുഖ്യാതിഥിയായി. പ്രസ് ക്ലബ് സെക്രട്ടറി ടി.കെ. അനിൽകുമാർ , ജോയിന്റ് സെക്രട്ടറി ബിനീഷ് പുന്നപ്ര , മാതൃഭൂമി ചീഫ് ഫോട്ടോഗ്രാഫർ സി. ബിജു, പബ്‌ളിസിറ്റി കമ്മിറ്റിയംഗങ്ങൾ എന്നിവർ പങ്കെടുത്തു.  
നെഹ്‌റു ട്രോഫി ജലോത്സവവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകർ പകർത്തിയ ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. വള്ളങ്ങളുടെ പരിശീലനത്തിൽ ചുണ്ടനൊപ്പം മത്സരിക്കുന്ന കൊതുമ്പുവള്ളം, വള്ളംകളി മത്സരത്തിനിടെ കരയിലും വെള്ളത്തിലും നിന്ന് കാണികൾ കാട്ടുന്ന ആവേശത്തിന്റെ വിവിധ കാഴ്ചകൾ, വർണാഭമായ മാസ്ഡ്രിൽ തുടങ്ങി വള്ളംകളിയുടെ വീറുറ്റ ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. നൂറുകണക്കിനുപേരാണ് പ്രദർശനം കാണാനെത്തുന്നത്. ഓഗസ്റ്റ് 12 വരെയാണ് പ്രദർശനം.

date