Skip to main content

രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനാർഥികൾക്കുമുള്ള മാതൃകാ പെരുമാറ്റ സംഹിത

പൊതുവായ പെരുമാറ്റച്ചട്ടം  

1. മതപരമോ ഭാഷാപരമോ ആയ വിവിധ ജാതികളും സമൂഹങ്ങളും തമ്മിൽ പരസ്പരവിദ്വേഷം ജനിപ്പിക്കുന്നതോ സംഘർഷങ്ങൾ ഉളവാക്കുന്നതോ, നിലവിലുള്ള ഭിന്നതകൾക്ക് ആക്കം കൂട്ടുന്നതോ ആയ ഒരു പ്രവർത്തനത്തിലും രാഷ്ട്രീയ കക്ഷികളോ സ്ഥാനാർഥികളോ ഏർപ്പെടാൻ പാടില്ല.

2. മറ്റു രാഷ്ടീയകക്ഷികളെ വിമർശിക്കുമ്പോൾ അത് അവരുടെ നയങ്ങളിലും പരിപാടികളിലും പൂർവകാലചരിത്രത്തിലും പ്രവർത്തനങ്ങളിലും മാത്രമായി ഒതുക്കണം. പൊതുപ്രവർത്തനവുമായി ബന്ധമില്ലാത്ത മറ്റു കക്ഷി നേതാക്കൻമാരുടെയോ പ്രവർത്തകരുടെയോ സ്വകാര്യജീവിതത്തിന്റെ യാതൊരു വിഷയത്തിലും വിമർശനമുന്നയിക്കുന്നതിൽ നിന്ന്് രാഷ്ട്രീയ കക്ഷികളും സ്ഥാനാർത്ഥികളും വിട്ടുനിൽക്കണം.

3. ജാതി, സാമുദായിക വികാരമുണർത്തി വോട്ടു തേടാൻ പാടില്ല. മോസ്‌കുകൾ, ക്ഷേത്രങ്ങൾ, പള്ളികൾ മറ്റ് ആരാധനാലയങ്ങൾ, മതസ്ഥാപനങ്ങൾ എന്നിവ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേദിയാക്കരുത്.
 
4. സമ്മതിദായകർക്ക് കൈക്കൂലി നൽകുക, ഭീഷണിപ്പെടുത്തുക, വ്യാജവോട്ട് രേഖപ്പെടുത്തുക, പോളിംഗ് സ്റ്റേഷന്റെ 100 മീറ്റർ പരിധിക്കുള്ളിൽ വോട്ടു തേടുക, വോട്ടെടുപ്പ് അവസാനിക്കാൻ നിശ്ചയിച്ചിട്ടുള്ളതിന് 48 മണിക്കൂർ മുമ്പ് പരിധിക്കുള്ളിൽ പൊതുയോഗങ്ങൾ സംഘടിപ്പിക്കുക, പോളിംഗ് സ്റ്റേഷനിലേക്കും തിരിച്ചും വോട്ടർമാർക്ക് യാത്രാസൗകര്യമൊരുക്കുക തുടങ്ങി തെരഞ്ഞെടുപ്പ് നിയമപ്രകാരം കുറ്റകരമായി കാണുന്നവ ഒഴിവാക്കാൻ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും ജാഗരൂഗരായിരിക്കണം.

5. വ്യക്തികളുടെ രാഷ്ട്രീയഅഭിപ്രായങ്ങളോടും പ്രവർത്തനങ്ങളോടും എത്ര എതിർപ്പുണ്ടെങ്കിലും സ്വതന്ത്രമായും സമാധാനപരമായും സ്വസ്ഥമായി ജീവിക്കാനുള്ള വ്യക്തികളുടെ അവകാശത്തെ മാനിക്കണം. വ്യക്തികളുടെ അഭിപ്രായങ്ങളിലും പ്രവർത്തനങ്ങളിലും പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി അവരുടെ വീടുകൾക്ക് മുൻപിൽ പ്രതിഷേധം നടത്തുക, പ്രകടനം നടത്തുക തുടങ്ങിയ രീതികൾ ഒരു കാരണവശാലും അവലംബിക്കരുത്.

6. കൊടിമരം നാട്ടുന്നതിനോ ബാനറുകൾ കെട്ടുന്നതിനോ പരസ്യം, മുദ്രാവാക്യങ്ങൾ എന്നിവ എഴുതുന്നതിനോ വ്യക്തിയുടെ സ്ഥലം, കെട്ടിടം, മതിൽ തുടങ്ങിയവ അയാളുടെ അനുവാദം കൂടാതെ ഉപയോഗിക്കാൻ രാഷ്ട്രീയ കക്ഷികളോ സ്ഥാനാർത്ഥികളോ അവരുടെ അനുയായികളെ അനുവദിക്കരുത്.

7. മറ്റ് പാർട്ടികൾ സംഘടിപ്പിക്കുന്ന യോഗങ്ങളെയോ ജാഥകളെയോ തങ്ങളുടെ അനുയായികൾ തടസപ്പെടുത്തുകയോ അവയിൽ ഛിദ്രമുണ്ടാക്കുകയോ ചെയ്യുകയില്ലെന്ന് രാഷ്ട്രീയപാർട്ടികളും സ്ഥാനാർഥികളും ഉറപ്പുവരുത്തണം.
ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തകരോ അനുഭാവികളോ തങ്ങളുടെ പാർട്ടികളുടെ ലഘുലേഖകൾ വിതരണം ചെയ്തോ നേരിട്ടോ രേഖാമൂലമോ ചോദ്യങ്ങൾ ഉന്നയിച്ചോ മറ്റൊരു രാഷ്ട്രീയ പാർട്ടി സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളിൽ അലോസരം സൃഷ്ടിക്കാൻ പാടില്ല. ഒരു പാർട്ടിയുടെ യോഗങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സ്ഥലങ്ങളിൽ കൂടി മറ്റൊരു പാർട്ടി ജാഥ നടത്താൻ പാടില്ല. ഒരു പാർട്ടിയുടെ പോസ്റ്ററുകൾ മറ്റൊരു പാർട്ടിയുടെ പ്രവർത്തകർ നീക്കം ചെയ്യാൻ പാടില്ല.

യോഗങ്ങൾ

1. ക്രമസമാധാനം പാലിക്കുന്നതിനും ഗതാഗതനിയന്ത്രണത്തിനും ആവശ്യമായ തയാറെടുപ്പുകൾ നടത്താൻ പോലീസിന് കഴിയുന്നവിധം നേരത്തെ തന്നെ യോഗം നടത്തുന്ന സ്ഥലവും സമയവും ബന്ധപ്പെട്ട പാർട്ടിയോ സ്ഥാനാർഥിയോ പോലീസ് അധികാരികളെ അറിയിക്കേണ്ടതാണ്.

2. യോഗം നടത്താൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് എന്തെങ്കിലും നിയന്ത്രണ ഉത്തരവോ നിരോധനാജ്ഞയോ പ്രാബല്യത്തിലുണ്ടോയെന്ന് പാർട്ടിയോ സ്ഥാനാർഥിയോ മുൻകൂട്ടി അറിഞ്ഞിരിക്കേണ്ടതാണ്. അത്തരം നിയന്ത്രണങ്ങൾ നിലവിലുണ്ടെങ്കിൽ അവ കർശനമായി പാലിക്കേണ്ടതാണ്. ഇത്തരം ഉത്തരവുകളിൽ നിന്നും ഒഴിവാക്കപ്പെടുന്നതിന് മുൻകൂട്ടി അനുമതി നേടേണ്ടതാണ്.

3. യോഗത്തിൽ ഉച്ചഭാഷിണികളോ മറ്റേതെങ്കിലും സൗകര്യമോ ഉപയോഗിക്കുന്നതിന് അനുവാദമോ ലൈസൻസോ ലഭിക്കണമെങ്കിൽ ബന്ധപ്പെട്ട അധികാരികൾക്ക് മുൻകൂട്ടി അപേക്ഷ നൽകി വാങ്ങേണ്ടതാണ്.

4. ഒരു യോഗം തടസപ്പെടുത്തുകയോ പ്രശ്നമുണ്ടാക്കുകയോ ചെയ്യുന്നവരെ കൈകാര്യം ചെയ്യുന്നതിന് സംഘാടകർ ചുമതലയിലുള്ള പൊലീസിന്റെ സഹായം ആവശ്യപ്പെടേണ്ടതാണ്. പ്രശ്നമുണ്ടാക്കുന്നവർക്കെതിരേ സംഘാടകർ നേരിട്ട് നടപടിയെടുക്കാൻ പാടില്ല.
 

date