Skip to main content
പുതുപ്പള്ളി നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കളക്‌ട്രേറ്റിൽ നടന്ന രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗത്തിൽ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി സംസാരിക്കുന്നു.

മാതൃകാപെരുമാറ്റച്ചട്ടം കർശനമായി പാലിക്കണം: ജില്ലാ കളക്ടർ

കോട്ടയം: പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ കക്ഷികളും സ്ഥാനാർഥികളും ഉദ്യോഗസ്ഥരും മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി. വിഗ്നേശ്വരി പറഞ്ഞു. പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ജില്ലാ കളക്ടറുടെ ചേംബറിൽ വിളിച്ചുചേർത്ത രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടർ. കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്ന തീയതി പിന്നീട് അറിയിക്കും. ഓഗസ്റ്റ് 17 വരെ നാമനിർദ്ദേശപത്രിക നൽകാം. ഓഗസ്റ്റ് 18ന് നാമനിർദ്ദേശപത്രികയുടെ സൂക്ഷ്മപരിശോധന നടക്കും. ഓഗസ്റ്റ് 21 ആണ് സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി. സെപ്റ്റംബർ അഞ്ചിന് വോട്ടെടുപ്പും സെപ്റ്റംബർ  എട്ടിന് വോട്ടെണ്ണലും നടക്കും. വ്യാഴാഴ്ച ഗസറ്റ് തെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
യോഗത്തിൽ രാഷ്ട്രീയകക്ഷി പ്രതിനിധികളായ കെ.എം. രാധാകൃഷ്ണൻ(സി.പി.ഐ.എം.) , കെ. അജിത്ത് (സി.പി.ഐ.), ജോഷി ഫിലിപ്പ്(ഇന്ത്യൻ നാഷണൽ കോൺഗ്രസ്), ജോസഫ് ചാമക്കാല( കേരളാ കോൺഗ്രസ് എം), സാജൻ വി. കുര്യാക്കോസ്(ജെ.ഡി.എസ്.), ഇ.എസ്. സോബിൻലാൽ ( ബി.ജെ.പി.), ശ്രീകുമാർ ചക്കാല(ബി.എസ്.പി), ജോയി തോമസ് (ആം ആദ്മി പാർട്ടി), എബ്രഹാംതോമസ്(സി.പി.ഐ.എം), തെരഞ്ഞെടുപ്പു ഡെപ്യൂട്ടി കളക്ടർ ജിയോ ടി. മനോജ് എന്നിവർ യോഗത്തിൽ പങ്കെടുത്തു

 

date