Skip to main content

ഭൂതത്താന്‍കെട്ട് ഡാമിന്റെ വൃഷ്ടി പ്രദേശത്ത് കൃഷി കര്‍ഷകര്‍ക്കു വേണ്ടി ഡാം തുറന്നുവിടാന്‍ നിര്‍ദേശിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍

 

ആന്റണി ജോൺ എം എൽ എ യുടെ അഭ്യർത്ഥനയെ തുടർന്ന് മന്ത്രി  റോഷി അഗസ്റ്റിൻറെ അടിയന്തര ഇടപെടൽ.

കോതമംഗലം : ഭൂതത്താന്‍കെട്ട് ഡാം തുറന്നുവിട്ട് ജലനിരപ്പ് ക്രമീകരിക്കാന്‍ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍ദ്ദേശം നല്‍കി. ഡാം അപ്രതീക്ഷിതമായി അടച്ചതിനെ തുടര്‍ന്ന് പെരിയാറിന്റെ വൃഷ്ടി പ്രദേശത്തെ ഏക്കര്‍ കണക്കിന് നെല്‍കൃഷി വെള്ളത്തിലായതായി ആന്റണി ജോണ്‍ എം എല്‍ എ ശ്രദ്ധയില്‍പ്പെടുത്തിയ ഉടന്‍ മന്ത്രി വിഷയത്തില്‍ ഇടപെടുകയായിരുന്നു. അനധികൃതമായി കൃഷിയിറക്കിയതാണെങ്കിലും കര്‍ഷകരുടെ അധ്വാനം പരിഗണിച്ച് ഡാം തുറന്നുവിട്ട് കൃഷിക്കാരെ സഹായിക്കാന്‍ മന്ത്രി  നിര്‍ദേശിക്കുകയായിരുന്നു. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് കൃഷിയിറക്കാന്‍ അനുവാദമില്ലെങ്കിലും ഡാം തുറന്നു വിടുന്ന ജൂണ്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍ കൃഷി ഇറക്കുന്നത് പതിവാണ്. വൃഷ്ടിപ്രദേശമായി  മാറും മുന്‍പ് ഇവിടം കൃഷിയിടമായിരുന്നു. കീരംപാറ പഞ്ചായത്തിലെ പാലമറ്റം മേഖലയിലെ വിവിധ സ്ഥലങ്ങളിലായുള്ള അന്‍പത് ഏക്കറോളം സ്ഥലത്താണ് ഡിസംബര്‍ വരെ കര്‍ഷകര്‍ കൃഷി ഇറക്കിയിരിക്കുന്നത്. പെരിയാറിനോട് ചേര്‍ന്നു കിടക്കുന്ന കൂരുകുളം, ചീക്കോട്, ഇഞ്ചത്തൊട്ടി പ്രദേശത്തെ സാധാരണക്കാരായ അന്‍പതോളം കര്‍ഷകരാണ് ഇങ്ങനെ കൃഷി ചെയ്യുന്നത്. ഭൂതത്താന്‍കെട്ട് ഡാം തുറന്ന് പെരിയാറില്‍ ജലനിരപ്പ് കുറയുമ്പോള്‍ വെള്ളമിറങ്ങിയ വൃഷ്ടിപ്രദേശത്തെ തരിശ് ഇടങ്ങളിലാണ് കൃഷിയിറക്കുക. വര്‍ഷങ്ങളായി ഇതാണ് പതിവ്. ജൂണ്‍ മാസത്തില്‍ ഡാം തുറന്ന് വെള്ളം തുറന്നുവിട്ടാല്‍ നവംബര്‍, ഡിസംബര്‍ മാസത്തിലാണ് അടയ്ക്കുന്നത്.

date