Skip to main content
കുളത്തിൽ മുങ്ങി താഴ്ന്ന ജീവിതങ്ങളെ രക്ഷപ്പെടുത്തിയ തൃശ്ശൂരിന്റെ ധീരന്മാർക്ക് സ്വത്രന്ത്ര്യ ദിനത്തിൽ പുരസ്കാരങ്ങൾ നൽകും. മുല്ലശ്ശേരിക്കാരനായ അദിൻ പ്രിൻസിനും പറപ്പൂക്കരക്കാരനായ നീരജ് കെ നിത്യാനന്ദുമാണ് 2022 ജീവൻ രക്ഷാ അവാർഡുകൾ

ധീരതക്കുള്ള 2022 ജീവൻ രക്ഷാ അവാർഡുകൾ സ്വാതന്ത്ര്യ ദിനത്തിന് നൽകും

കുളത്തിൽ മുങ്ങി താഴ്ന്ന ജീവിതങ്ങളെ രക്ഷപ്പെടുത്തിയ തൃശ്ശൂരിന്റെ ധീരന്മാർക്ക് സ്വത്രന്ത്ര്യ ദിനത്തിൽ പുരസ്കാരങ്ങൾ നൽകും. മുല്ലശ്ശേരിക്കാരനായ അദിൻ പ്രിൻസിനും പറപ്പൂക്കരക്കാരനായ നീരജ് കെ നിത്യാനന്ദുമാണ് 2022 ജീവൻ രക്ഷാ അവാർഡുകൾക്ക് അർഹരായത്. 

മുല്ലശ്ശേരി കണ്ണോത്ത് കൂത്തുർ വീട്ടിൽ പ്രിൻസിന്റെയും ലിന്റയുടെയും മകനായ അദിൻ പ്രിൻസിന് ജീവൻ രക്ഷാ പഥക്ക് പുരസ്കാരവും പറപ്പൂക്കര കൊപ്പുള്ളി വീട്ടിൽ കെ യു നിത്യാനന്ദിന്റെയും  ജെസ്സിയുടെയും മകനായ നീരജ് കെ നിത്യാനന്ദിന് ഉത്തം  ജീവൻ രക്ഷാ പഥക് അവാർഡുമാണ് ലഭിച്ചത്. മുല്ലശ്ശേരി താണവീഥി മുളഞ്ചേരി കുളത്തിൽ അപകടത്തിൽപ്പെട്ട പാടൂർ അലിമുൽ ഇസ്ലാമിക് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ഇർഫാനെയാണ് അദിൻ രക്ഷപ്പെടുത്തിയത്. 

കളി കഴിഞ്ഞു കുട്ടികളുടെ അഞ്ചംഗ സംഘം കുളത്തിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. കുളി കഴിഞ്ഞ് നാലുപേർ കരയിലേക്ക് കയറിയെങ്കിലും ഇർഫാന് നിലയില്ലാത്ത ചണ്ടി നിറഞ്ഞ കുളത്തിൽ നിന്ന് കയറാനായില്ല. ഈ സമയം സൈക്കിളിൽ എത്തിയ അദിൻ വെള്ളത്തിലേക്ക് എടുത്ത് ചാടി കുട്ടിയെ രക്ഷിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടികൾക്ക് നീന്തലും വശമില്ലായിരുന്നു. അച്ഛൻ പ്രിൻസാണ്  അദിനെ നീന്തൽ പരിശീലിപ്പിച്ചത്. മുല്ലശ്ശേരി ഗുഡ് ഷെപ്പേർഡ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർഥിയാണ്. 

പൊങ്കോത്ര മാനാംകുളത്തിൽ സൈക്കിളിൽ കളിക്കുന്നതിനിടെ വീണ ഗോപാലകൃഷ്ണൻ എന്ന അഞ്ചാം ക്ലാസുകാരനെ സമയോചിതമായ  ഇടപെടൽ മൂലം രക്ഷിക്കുകയായിരുന്നു നീരജ് നിത്യാനന്ദ്. കളി കൂട്ടുക്കാരനായ ഗോപാലകൃഷ്ണൻ മുങ്ങി താഴുന്നത് കണ്ട നീരജ് ജീവൻ പണയം വച്ച് കുളത്തിലേക്ക് എടുത്തുചാടി രക്ഷിക്കുകയായിരുന്നു. നന്തിക്കര ഗവ. ഹൈസ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് നീരജ് .

date