Skip to main content

കര്‍ഷക പുരസ്‌കാര നിറവില്‍ ജില്ല

ആലപ്പുഴ: 2022ലെ സംസ്ഥാന കര്‍ഷക അവാര്‍ഡില്‍ മിന്നുന്ന നേട്ടവുമായി ആലപ്പുഴ ജില്ല. കൃഷി മന്ത്രി പി. പ്രസാദാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. യുവ കര്‍ഷക അവാര്‍ഡ് ഉള്‍പ്പടെ ജില്ലയ്ക്ക് ആറ് ഇനങ്ങളില്‍ പുരസ്‌കാരമുണ്ട്.  

കാവാലം കൃഷി ഭവനിലെ ആറ്റുമുഖം, ആയിരത്തഞ്ഞൂറ്, രാജരാമപുരം, കൈനടി കായല്‍ നെല്ലുത്പാദക സമിതിയ്ക്കാണ് നെല്‍ക്കതിര്‍ അവാര്‍ഡ്. അഞ്ച് ലക്ഷം രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റുമാണ് പുരസ്‌കാരം. യുവ കര്‍ഷക അവാര്‍ഡ് കഞ്ഞിക്കുഴി കൃഷി ഭവനിലെ പുത്തന്‍വേലിയില്‍ എല്‍. രേഷ്മയാണ്. ഒരു ലക്ഷം രൂപ സമ്മാനമായി ലഭിക്കും. കര്‍ഷക പ്രതിഭ അവാര്‍ഡ് മുട്ടാര്‍ കൃഷിഭവനിലെ കിഴക്കേതൈപ്പറമ്പില്‍ അര്‍ജുന്‍ അശോകിനാണ്. 25,000 രൂപ സമ്മാനമായി ലഭിക്കും. ഉത്പ്പാദന മേഖലയിലെ മികച്ച കൃഷിക്കൂട്ടത്തിനുള്ള പുരസ്‌കാരം ചേര്‍ത്തല തെക്ക് കൃഷി ഭവന്‍ പരിധിയിലെ തിരുവിഴേശന്‍ കൃഷിക്കൂട്ടത്തിനാണ്. 50,000 രൂപയാണ് സമ്മാനതുക. 

പച്ചക്കറി കൃഷി ചെയ്യുന്ന മികച്ച സ്ഥാപനങ്ങളില്‍ മൂന്നാം സ്ഥാനം വള്ളിക്കുന്നം അമൃത എച്ച്.എസ്.എസിനാണ്. 25,000 രൂപയാണ് സമ്മാനതുക. മികച്ച കൃഷി ഓഫീസര്‍ക്കുള്ള അവാര്‍ഡ് തണ്ണീര്‍മുക്കം കൃഷിഭവനിലെ ജോസഫ് റെഫിന്‍ ജെഫ്രിയും മികച്ച കൃഷി അസിസ്റ്റന്റിനുള്ള അവാര്‍ഡ് വള്ളികുന്നം കൃഷി ഭവനിലെ ബി.എസ്. ഇന്ദുലേഖയും കരസ്ഥമാക്കി. പ്രത്യേക പരാമര്‍ശം (കര്‍ഷക ഭാരതി- അച്ചടി മാധ്യമം) അവാര്‍ഡിന് കൃഷി അസി.ഡയറക്ടര്‍ എം.എസ്. പ്രമോദ് അര്‍ഹനായി.

date