Skip to main content

പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിന്റെ രണ്ടാമത്തെ ടേക്ക് എ ബ്രേക്ക് വേങ്ങോട് പ്രവർത്തനം തുടങ്ങി

പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി വേങ്ങോട് ആധുനിക സൗകര്യങ്ങളോടെ നിർമിച്ച  പൊതു ശുചിമുറി സമുച്ചയം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ ജനങ്ങൾക്കായി തുറന്നുകൊടുത്തു.

നാടിന്റെ വികസനത്തിന്റെ ഭാഗമായി ഉന്നത നിലവാരത്തിലാണ് ടേക്ക് എ ബ്രേക്കുകൾ സജ്ജീകരിച്ചിരിക്കുന്നത്. പൊതുസ്ഥലങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കുമുൾപ്പടെ സുരക്ഷിതമായി ഉപയോഗിക്കുന്നതിന് ഇത്തരം വിശ്രമകേന്ദ്രങ്ങളും പൊതു ശുചിമുറികളും അനിവാര്യമാണെന്ന് മന്ത്രി ജി. ആർ അനിൽ വ്യക്തമാക്കി. ആധുനിക സൗകര്യങ്ങളോടെ നിർമിച്ച ടേക്ക് എ ബ്രേക്കുകൾ വൃത്തിയായി സൂക്ഷിക്കാൻ ഗുണഭോക്താക്കളായ പൊതുജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച രണ്ടാമത്തെ ടേക്ക് എ ബ്രേക്ക് ആണ് വേങ്ങോട് ആശുപത്രിക്ക് സമീപം മന്ത്രി ഉദ്ഘാടനം ചെയ്തത്.

ഭിന്നശേഷി സൗഹൃദ സ്ത്രീ പുരുഷ ടോയ്‌ലറ്റുകൾ,മുലയൂട്ടൽ മുറി, കോഫി ഷോപ്പ് എന്നിവയാണ് ടേക്ക് എ ബ്രേക്കിൽ ഒരുക്കിയിരിക്കുന്നത്. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് 2022-2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 23 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച ഈ സംരംഭം കുടുംബശ്രീ -തൊഴിലുറപ്പ് സംവിധാനകളുടെ സഹായത്തോടെ പേ ആൻഡ് യൂസ് മാതൃകയിൽ പ്രവർത്തിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ് ചടങ്ങിന്റെ അധ്യക്ഷനായിരുന്നു. പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ അനിൽ, തദ്ദേശ സ്വയം ഭരണ വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയർ രാധാമണി കെ. എൻ എന്നിവരും പങ്കെടുത്തു.

date