Skip to main content

നെഹ്‌റു ട്രോഫി വള്ളംകളി സാഹോദര്യത്തിന്റെ ആഘോഷം കാത്തുസൂക്ഷിക്കുന്ന ജലോത്സവം- മന്ത്രി സജി ചെറിയാൻ

ആലപ്പുഴ: ആഘോഷത്തിന്റെ  പാരമ്പര്യം കാത്തുസൂക്ഷിച്ച് ആഹ്ലാദത്തിന്റെയും ഐക്യത്തിന്റെയും  മഹത്തായ സന്ദേശം പ്രചരിപ്പിക്കുകയാണ് നെഹ്റു ട്രോഫി വള്ളംകളിയെന്ന്  സാംസ്‌കാരിക വകുപ്പ് മന്ത്രി സജിച്ചെറിയാൻ. 69-ാമത് നെഹ്റു ട്രോഫി വള്ളംകളി  പുന്നമടക്കായലിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാടിന്റെ ഒളിമ്പിക്‌സായ ജലമാമങ്കം വരാൻ പോകുന്ന ഓണാഘോഷത്തിന്റെ തുടക്കമാണ്. നാടാകെ ഒത്തുരുമയുടെ ഉത്സവ തിമിർപ്പിലാണെന്നും അദ്ദേഹം പറഞ്ഞു. നെഹ്‌റു ട്രോഫിയുടെ പെരുമ ലോകത്തിന്റെ മുക്കിലും മൂലയിലും എത്തിയതായി ചടങ്ങിൽ അധ്യക്ഷതവഹിച്ചുകൊണ്ട് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. മഴ ജലോത്സവത്തിന്റെ ആവേശം ഇരട്ടിപ്പിക്കുന്നതായും മന്ത്രി പറഞ്ഞു. മാസ്ഡ്രിൽ ഹൈകോടതി ചീഫ് ജസ്റ്റിസ് ആഷിഷ് ജിതേന്ദ്ര ദേശായി ഫ്‌ലാഗ് ഓഫ് ചെയ്തു. നെഹ്റു പ്രതിമയിലെ പുഷ്പ്പാർച്ചനയോടെയാണ് ഉദ്ഘാടന പരിപാടികൾ ആരംഭിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്, എം. പി മാരായ എ. എം. ആരിഫ്, കൊടിക്കുന്നിൽ സുരേഷ്, എം. എൽ. എ മാരായ പി.പി. ചിത്തരഞ്ജൻ, എച്ച്. സലാം, തോമസ് കെ. തോമസ്, ദലീമ ജോജോ, എം. എസ് അരുൺ കുമാർ,  എയർ മാർഷൽ ബി. മണികണ്ഠൻ, ജില്ല സെക്ഷൻ ജഡ്ജ് എസ്. ജോബിൻ സെബാസ്റ്റ്യൻ,  നഗരസഭ അധ്യക്ഷ കെ.കെ. ജയമ്മ, ജില്ല കളക്ടർ ഹരിത വി. കുമാർ, പോലീസ് മേധാവി ചൈത്ര തെരേസ ജോൺ, സബ് കളക്ടർ സൂരജ് ഷാജി, ടൂറിസം സെക്രട്ടറി കെ. ബിജു, മുൻ എം.എൽ.എ. സി.കെ. സദാശിവൻ, ആർ.കെ. കുറുപ്പ് തുടങ്ങിയവർ പങ്കെടുത്തു.
എൻ.ടി.ബി.ആർ. സുവനീറിന്റെ പ്രകാശനം ടൂറിസം സെക്രട്ടറി കെ.ബിജുവിന് നൽകി എ.എം. ആരിഫ് എം.പി. നിർവഹിച്ചു. എൻ.ടി.ബി.ആർ. മെർക്കണ്ടൈസിന്റെ പ്രകാശനം ജില്ല ജഡ്ജ് ജോബിൻ സെബാസ്റ്റ്യന് നൽകി കൊടിക്കുന്നിൽ സുരേഷ് എം.പി. നിർവഹിച്ചു. പി.പി. ചിത്തരഞ്ജൻ എം.എൽ.എ. അതിഥികൾക്കുള്ള മെമന്റോകൾ കൈമാറി. കഴിഞ്ഞ വർഷം നെഹ്റു ട്രോഫി നേടിയ വള്ളത്തിന്റെ ക്യാപ്റ്റനായ സന്തോഷ് ചാക്കോ തുഴച്ചിൽക്കാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ആർ.കെ. കുറുപ്പ് ബോട്ട് ക്യാപ്റ്റന്മാരെ പരിചയപ്പെടുത്തി.

date