Skip to main content

മഴയിലും ആളിക്കത്തിയ ആവേശം; പുന്നമടയെ ഇളക്കിമറിച്ച് ജനസാഗരം

ആലപ്പുഴ: കോരിചൊരിഞ്ഞ മഴയിലും  കെട്ടടങ്ങാത്ത ആവേശം നിറച്ച് 69-ാമത് നെഹ്‌റു ട്രോഫി ജലമേള.  
രാവിലെ ആരംഭിച്ച ചെറുവള്ളങ്ങളുടെ മത്സരം വള്ളംകളി ആരവത്തിന് തിരികൊളുത്തിയപ്പോൾ 
പ്രൗഡ ഗംഭീരമായ ഉദ്ഘാടന ചടങ്ങും ചുണ്ടൻ വള്ളങ്ങൾ അണിനിരന്ന മാസ്സ് ഡ്രില്ലും കാണികളുടെ ആർപ്പോ വിളികളും പുന്നമടതീരത്തെ അക്ഷരാർത്ഥത്തിൽ പ്രകമ്പനം കൊള്ളിച്ചു. ജങ്കാറിൽ ഒരുക്കിയ ബൈക്ക് സ്റ്റണ്ടിങ് പ്രകടനം വേറിട്ടൊരു കാഴ്ചയായി.

വള്ളംകളി മത്സരം കാണാൻ ഭിന്നശേഷിക്കാർക്കും വയോജങ്ങൾക്കുമായി ജില്ല ഭരണകൂടം പ്രത്യേക പവലിയൻ ഒരുക്കി. രുചി വൈവിധ്യങ്ങളുടെ വ്യത്യസ്തതയുമായി വിവിധതരം വിഭവങ്ങൾ, ജ്യൂസുകൾ, പായസങ്ങൾ എന്നിവ ഒരുക്കിയ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലുള്ള ഫുഡ് കോർട്ടിലും എൻ.ടി.ബി.ആറിന്റെ മെർക്കന്റയിസ് ഷോപ്പിലും സ്വദേശികളും വിദേശികളും അടക്കം നിരവധി ആളുകൾ എത്തി. പൂർണമായും ഹരിതചട്ടം പാലിച്ച് നടത്തിയ പരിപാടിയിൽ ഉടനീളം ഹരിതകർമ്മസേനയുടെ സേവനവും ഉറപ്പാക്കി. 

പ്രകൃതി പ്രതികൂലമായപ്പോഴും 1150 മീറ്റർ ദൈർഖ്യം വരുന്ന ഓളപരപ്പിലൂടെ പുന്നമടക്കായലിനെ കീറിമുറിച്ച് ജലരാജാക്കന്മാർ തുഴയിൽ ആവേശത്തിന്റെ മായാജാലം തീർത്തു.  മത്സരാവസാനം ഞൊടിയിട വ്യത്യാസത്തിൽ ചമ്പക്കുളം ചുണ്ടനെ പിന്നിലാക്കി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടൻ നെഹ്‌റു ട്രോഫിയിൽ മുത്തമിട്ടപ്പോൾ പുന്നമടയാകെ ആർപ്പു വിളികൾ നിറഞ്ഞു.

ആഘോഷങ്ങളോടെയും ആരവങ്ങളോടെയും ആലപ്പുഴ കൊണ്ടാടിയ ജലമാമാങ്കം കാണാനെത്തിയ സ്വദേശികളും വിദേശികളുമടക്കമുള്ള ജനലക്ഷങ്ങൾ  അടുത്ത സീസണിലേക്കുള്ള ആവേശം സിരകളിൽ നിറച്ചാണ് പുന്നമടയിൽ നിന്ന് മടങ്ങിയത്.

date