Skip to main content

മരട് നഗരസഭയിലെ ഖരമാലിന്യ ശേഖരണത്തിന് ഇ- ഓട്ടോ സംവിധാനം

 

മരട് നഗരസഭയിലെ ഖരമാലിന്യ ശേഖരണത്തിലും സംസ്കരണത്തിലും ആധുനീക സജ്ജീകരണങ്ങളോടു കൂടിയുള്ള ഇ - ഓട്ടോ സജ്ജമായി. ആറ് ഇലക്ട്രോണിക് ഓട്ടോറിക്ഷകളാണ് നഗരസഭയിൽ സജ്ജമായിരിക്കുന്നത്. നഗരസഭയിലെത്തിയ ഇ- ഓട്ടോയുടെ താക്കോൽ നഗരസഭാ ചെയർമാൻ ആന്റണി ആശാംപറമ്പിൽ ഏറ്റുവാങ്ങി.

മാലിന്യ സംസ്കരണത്തിന് ഏറ്റവും വെല്ലുവിളിയായ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെയും കവറുകളുടെയും കടന്നുകയറ്റമാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി കഴിഞ്ഞ നാലു വർഷമായി വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഹരിതകർമ്മസേന പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു വരുന്നത്. ഇവയ്ക്ക് പുറമെ പഴയ ചെരിപ്പുകൾ ,ബാഗുകൾ ,തുണികൾ,ബെഡുകൾ , കുപ്പിച്ചില്ലുകൾ ,ഇരുമ്പ് സാധനങ്ങൾ , ഇ- വേസ്റ്റ്, ഉപയോഗശൂന്യമായ ടയർ തെർമോകോൾ ,മരുന്ന് സ്ട്രിപ്പ് , ബൾബ് ട്യൂബ് ,അപ്പോൾസ്റ്ററി മാലിന്യങ്ങൾ  എന്നിവ വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും  കലണ്ടർ അടിസ്ഥാനത്തിൽ ശേഖരിക്കുന്നുണ്ട്.

 നഗരസഭയിലെ അജൈവമാലിന്യങ്ങൾ ശേഖരിക്കുന്നതിന് 33 വാർഡുകളിൽ നിന്നായി 62 ഹരിത കർമ്മ സേന അംഗങ്ങളാണ് മാലിന്യ സംസ്കരണത്തിന് ചുക്കാൻ പിടിക്കുന്നത്. ഓരോ വാർഡിൽ നിന്നും ശേഖരിക്കുന്ന മാലിന്യം വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന മിനി മെറ്റീരിയൽ കളക്ഷൻ സെൻററുകളിൽ  (എം സി എഫ്) സൂക്ഷിക്കും. അവിടെനിന്ന് വാഹനങ്ങളിൽ കയറ്റി കുണ്ടന്നൂർ തേവര പാലത്തിന് സമീപം നിർമ്മിച്ചിരിക്കുന്ന വലിയ മെറ്റീരിയൽ കളക്ഷൻ സെൻററുകളിൽ തരംതിരിക്കും. ഇവ പന്ത്രണ്ടോളം ഇനങ്ങളായി തരംതിരിച്ച് പുനരുപയോഗിക്കാവുന്നത് വിൽക്കുകയും യാതൊരുവിധത്തിലും ഉപയോഗപ്രദമല്ലാത്തത് ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് സർക്കാർ  സ്ഥാപനമായ ക്ലീൻ കേരള കമ്പനിക്ക് കൈമാറും. 

നഗരസഭയിലെ ജൈവമാലിന്യങ്ങൾ സംസ്കരിക്കുന്നതിനുള്ള ആധുനിക സംവിധാനത്തിലുള്ള മാലിന്യ സംസ്കരണ പ്ലാന്റിന്റ നിർമ്മാണം പുരോഗമിച്ചു വരികയാണ്.

ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.ഡി. രാജേഷ്, ചന്ദ്രകലാധരൻ, അജിത നന്ദകുമാർ, ബെൻഷാദ് നടുവില വീട്, ടി.എം. അബ്ബാസ്, സി.റ്റി.സുരേഷ്, ജയ ജോസഫ്, മോളി ഡെന്നി , ഹെൽത്ത് സൂപ്പർവൈസർ പ്രേംചന്ദ് , ഹെൽത്ത് ഇൻസ്പെക്ടർ ജേക്കബ്സൺ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എ. ഹുസൈൻ എന്നിവർ പങ്കെടുത്തു.

date