Skip to main content

കടുങ്ങല്ലൂരിൽ ആധാർ മേള സംഘടിപ്പിച്ചു

 

കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്‌ മുപ്പത്തടം പതിനാറാം വാർഡിൽ ആധാർ മേള സംഘടിപ്പിച്ചു. വാർഡ് അധികൃതരും തപാൽ വകുപ്പും സംയുക്തമായി മുപ്പത്തടം ഹയർ സെക്കൻഡറി സ്കൂളിലെ ഓഡിറ്റോറിയത്തിലാണ് മേള സംഘടിപ്പിച്ചത്.

പുതിയ കാർഡ് എടുക്കൽ, തെറ്റ് തിരുത്തൽ, വിവരങ്ങൾ ഉൾപ്പെടുത്തൽ, ആധാറും മൊബൈൽ നമ്പറും ബന്ധിപ്പിക്കൽ, പത്തുവർഷത്തിനു ശേഷമുള്ള നിർബന്ധിത പുതുക്കൽ എന്നീ സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കി. 203 പേർ ആധാർ മേളയിൽ പങ്കെടുത്ത് സേവനങ്ങൾ ഉപയോഗപ്പെടുത്തി. സേവനങ്ങൾ ആവശ്യമുള്ളവരുടെ പട്ടിക തയ്യാറാക്കി മുൻകൂട്ടി നിശ്ചയിച്ച സമയത്തിനനുസരിച്ച് സേവനങ്ങൾ ലഭ്യമാക്കുന്ന രീതിയിൽ രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാണ് മേള ക്രമീകരിച്ചത്. സർക്കാർ നിശ്ചയിച്ച ഫീസാണ് ഈടാക്കിയത്. 

അക്ഷയ കേന്ദ്രങ്ങളിലെ അമിത ചാർജും ജനതിരക്കും മുൻനിർത്തിയാണ് ഇത്തരത്തിൽ ആധാർ മേള സംഘടിപ്പിക്കാൻ തീരുമാനിച്ചതെന്ന് വാർഡ് മെമ്പർ കെ.എൻ രാജീവ് പറഞ്ഞു. കേന്ദ്ര ഗവൺമെന്റിന്റെ പുതിയ ഉത്തരവ് പ്രകാരം എല്ലാവരും പത്ത് വർഷത്തിലൊരിക്കൽ ആധാർ കാർഡ് നിർബന്ധമായും പുതുക്കേണ്ടതാണ്.

date