Skip to main content

ചാലിയം മാലിക് ബിൻ ദിനാര്‍ പള്ളി നവീകരിക്കുന്നു

 

നൂറ്റാണ്ടുകളുടെ പൈതൃകവും പാരമ്പര്യവും ഉള്‍ക്കൊള്ളുന്ന ചാലിയം മാലിക് ബിൻ ദിനാര്‍ പള്ളി നവീകരിക്കുന്നു. പഴമയും പൈതൃകവും നിറഞ്ഞ പള്ളിയുടെ കെട്ടിടം നവീകരിക്കാനും ചുറ്റുപാടും മോഡി കൂട്ടുന്നതിനുമായി 9990000/- രൂപ സംസ്ഥാന വിനോദസഞ്ചാര വകുപ്പ് അനുവദിച്ചതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നവീകരണ പ്രവൃത്തിയുടെ നിര്‍വഹണ ചുമതല. ഒരു വര്‍ഷംകൊണ്ട് നവീകരണ ജോലികള്‍ പൂര്‍ത്തിയാക്കും. ജില്ലാ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ പദ്ധതിയുടെ മേല്‍നോട്ടം വഹിക്കും. 

ഹസ്രത് മാലിക് ബിൻ ദിനാറും ശിഷ്യന്മാരും കേരളത്തില്‍ പലയിടങ്ങളിലായി സ്ഥാപിച്ച പത്തു പള്ളികളില്‍ ഒന്നാണ് ചാലിയം പള്ളി. ഏഴാം നൂറ്റാണ്ടിലാണ് പള്ളി സ്ഥാപിക്കപ്പെട്ടത്. കേരളത്തിന്റെ പുരാതന വാസ്തു ശില്പ മാതൃകയില്‍ നിര്‍മിക്കപ്പെട്ട പള്ളി കേരളത്തിന്റെ വികാസ പരിണാമങ്ങളുടെ ചരിത്രം ഉള്‍ക്കൊള്ളുന്നു. കേരളത്തില്‍ ഏറ്റവും ആദ്യം സ്ഥാപിക്കപ്പെട്ട പള്ളികളില്‍ ഒന്നാണ് ചാലിയം മാലിക് ദിനാര്‍. സഞ്ചാരിയായിരുന്ന ഇബ്ൻ ബത്തൂത്ത പതിനാലാം നൂറ്റാണ്ടില്‍ ചാലിയം മാലിക് ദിനാര്‍ പള്ളി സന്ദര്‍ശിച്ചിരുന്നതായി അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.

നവീകരണം പൂർത്തിയാകുന്നതോടെ  കോഴിക്കോടിന്റെ സാംസ്കാരിക സമന്വയത്തിന്റെ കേന്ദ്രമായ ആരാധനാലയങ്ങളിലൊന്നായി പുഴക്കര പള്ളി (ചാലിയം മാലിക് ബിൻ ദിനാര്‍ പള്ളി) മാറും. നടപടിക്രമങ്ങൾ ഉടനടി പൂർത്തീകരിച്ച് പ്രവൃത്തി ആരംഭിക്കാൻ മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർദേശം നൽകി.

date