Skip to main content

വാണിമേൽ പഞ്ചായത്തിൽ "മേരി മാട്ടി മേരി ദേശ്"പരിപാടി സംഘടിപ്പിച്ചു

 

ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ  ഭാഗമായി വാണിമേൽ പഞ്ചായത്തിൽ "മേരി മാട്ടി മേരി ദേശ് "പരിപാടി സംഘടിപ്പിച്ചു. നാദാപുരം ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ എസ് എസ്, ബഡ്‌സ് സ്കൂൾ വാണിമേൽ  എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്. വാണിമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി സുരയ്യ ടീച്ചർ ക്യാമ്പയിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം നിർവ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ചന്ദ്രബാബു അധ്യക്ഷത നിർവഹിച്ചു .

പഞ്ച് പ്രാൺ പ്രതിജ്ഞ വാർഡ് മെമ്പർ മജീദ് എം.കെ ചൊല്ലികൊടുത്തു. സർവീസിൽ നിന്നും വിരമിച്ച സൈനികനും പഞ്ചായത്ത് മെമ്പർ കൂടിയായ ചന്ദ്രബാബുവിനെ പ്രസിഡന്റ്  പി സുരയ്യ ടീച്ചർ പൊന്നാട അണിയിച്ച്‌ ആദരിച്ചു. വസുധ വന്ദൻ പരിപാടിയുടെ ഭാഗമായി 75 വൃക്ഷതൈകൾ നട്ടു പിടിപ്പിച്ചു.

വാണിമേൽ  ഗ്രാമ പഞ്ചായത്ത് 2023-24 മഹാത്മാഗാന്ധി എൻ ആർ ഇ ജി എസ്  പദ്ധതി നഴ്സറി നിർമ്മാണ പ്രവൃത്തിയിലൂടെ മുളപ്പിച്ച വൃക്ഷതൈകൾ വച്ചു പിടിപ്പിച്ച്‌ അമൃത് വാടിക സ്ഥാപിച്ചു. ഗ്രാമ പഞ്ചായത്തിൽ നിന്നും ശേഖരിച്ച മണ്ണ്  പ്രസിഡന്റ്  ബ്ലോക്ക് കോർഡിനേറ്റർക്ക് കൈമാറി.

ചടങ്ങിൽ വാർഡ് മെമ്പർമാരായ റസാഖ്, കുഞ്ഞമ്മദ്, അസിസ്റ്റന്റ് സെക്രട്ടറി ഇബ്രാഹിം, വി ഇ ഒ  സിദ്ദിഖ്, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ  തൊഴിലുറപ്പ് പദ്ധതി  എ ഇ  മുഹമ്മദ് ആഷിഖ്, ഓവർസിയർ അനസ്, നെഹ്‌റു യുവ കേന്ദ്ര കോർഡിനേറ്റർ അതുൽരാജ്, ബഡ്‌സ് സ്കൂൾ ടീച്ചർമാർ, വിദ്യാർത്ഥികൾ, സി ഡി എസ് മെമ്പർമാർ, മേറ്റുമാർ തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വിനോദൻ സ്വാഗതവും വാർഡ് മെമ്പർ ഷൈനി നന്ദിയും പറഞ്ഞു.

date