Skip to main content

ജല ഗുണനിലവാര പരിശോധന ലാബ്: ജില്ലാതല പരിശീലനം നടത്തി

 

ജില്ലയിലെ 29 ഹയർ സെക്കൻഡറി സ്കൂളുകളിൽ സ്ഥാപിച്ച ജല ഗുണനിലവാര പരിശോധനാ ലാബിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി കെമിസ്ട്രി അധ്യാപകർക്കും ഒന്നാംവർഷ വിദ്യാർത്ഥികൾക്കും പരിശീലനം നൽകി. ഹയർ സെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ സന്തോഷ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.

നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായ ഹരിത കേരളം മിഷന്റെയും ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിന്റെയും നേതൃത്വത്തിൽ എം എൽ എ മാരുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗപ്പെടുത്തിയാണ് ജലഗുണനിലവാര പരിശോധന ലാബ് സ്ഥാപിച്ചത്. കെമിസ്ട്രി ലാബിനോട് ചേർന്ന് സ്ഥാപിച്ച ജല ഗുണനിലവാര പരിശോധന ലാബിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും ജനകീയ പങ്കാളിത്തത്തോടെ ജല പരിശോധന നടത്തി ജല സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് പരിശീലനം ലക്ഷ്യം വെച്ചത്.

നിലവിൽ ലാബ് സ്ഥാപിച്ച സ്കൂളുകളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച ബാലുശ്ശേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിനും, സേവാമന്ദിരം പോസ്റ്റ് ബേസിക് ഹയർ സെക്കൻഡറി സ്കൂളിനും മെഡിക്കൽ കോളേജ് ക്യാമ്പസ് എച്ച്എസ്എസിനും ഹരിത കേരളം മിഷന്റെ അഭിനന്ദന പത്രം നൽകി.

ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടന്ന പരിപാടിയിൽ നവകേരളം കർമ്മ പദ്ധതി 2 ജില്ലാ കോഡിനേറ്റർ ബാലകൃഷ്ണൻ പദ്ധതി വിശദീകരണവും, ഹരിതകേരള മിഷൻ റിസോഴ്സ് പേഴ്സൺ രുദ്രപ്രിയ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ലാബ് പരിശോധന സംബന്ധിച്ച് പരിശീലനവും നൽകി. ജലത്തിന്റെ ഭൗതിക-രാസ സ്വഭാവങ്ങൾ കണ്ടെത്താനുള്ള പ്രാഥമിക പരിശീലനമാണ് നൽകിയത്. പരിശീലനത്തിനു ശേഷം മണ്ഡലാടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകളാക്കി തിരിച്ച് അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ഡെമോ ക്ലാസ് നൽകി. ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ പ്രിയ ആമുഖ അവതരണം നടത്തി. പരിശീലന പരിപാടിയിൽ 29 വിദ്യാലയങ്ങളിൽ നിന്ന് 160 ഓളം അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.

date