Skip to main content

വിഭാഗീയ നീക്കങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം: മന്ത്രി വി എൻ വാസവൻ

വിഭാഗീയ നീക്കങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സഹകരണ, രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. ഇടുക്കി ഐ.ഡി.എ ഗ്രൗണ്ടില്‍ നടന്ന എഴുപത്തി ഏഴാം സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ വേളയിൽ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പോരാടി മൺമറഞ്ഞ ധീരദേശാഭിമാനികളെ അഭിമാനാദരവുകളോടെ അനുസ്മരിക്കുകയാണ്.
രാജ്യം ഒരു മതനിരപേക്ഷ സ്ഥിതിസമത്വ ജനാധിപത്യ റിപ്പബ്ലിക്ക് ആവണം എന്ന സങ്കൽപമാണ് സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ പരിപാവന ഭരണഘടന ഉയർത്തിപ്പിടിക്കുന്നത്. എന്നാൽ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകർക്കുന്ന, ജാതി മത ദേശ ഭാഷാ വ്യത്യാസങ്ങളുടെ പേരിൽ മനുഷ്യർ പോരടിക്കുന്ന സാമൂഹ്യ അന്തരീക്ഷം ഉയർന്നു വരുന്നതായാണ് വർത്തമാനകാല സംഭവങ്ങൾ സൂചിപ്പിക്കുന്നത്. ഇത് വേദനാജനകമാണ്. ഇത്തരം വിഭാഗീയ, ശിഥിലീകരണ നീക്കങ്ങൾക്കെതിരെ നാം ജാഗ്രത പാലിക്കുകയും ഒരൊറ്റ ഇന്ത്യ ഒരൊറ്റ ജനത എന്ന സങ്കൽപത്തിലേക്ക് അഭിമാനപൂർവ്വം ഒന്നിക്കാനും മുന്നേറാനും നമുക്ക് കഴിയണം. മണിപ്പൂരിലും ഹരിയാനയിലും യുപിയിലും നടക്കുന്ന സംഭവങ്ങൾ വേദനിപ്പിക്കുന്നതും ഞെട്ടിക്കുന്നതുമാണ്. ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മഹത്തായ വീക്ഷണങ്ങൾ മുറുകെ പിടിച്ച് എല്ലാ സങ്കുചിതത്വങ്ങൾക്കെതിരെയും അടരാടേണ്ട സമയമായിരിക്കുകയാണ്. എല്ലാ അർത്ഥത്തിലും സ്വാതന്ത്ര്യവും ജനാധിപത്യവും സ്ഥിതിസമത്വവുമുള്ള, മനുഷ്യർ മനുഷ്യരെ സ്നേഹിക്കുന്ന സമൂഹമായി രാജ്യം വളരണമെ ന്നാണ് നമ്മുടെ പൂർവഗാമികൾ സ്വപ്നം കണ്ടത്. നിർഭാഗ്യവശാൽ ഈ എഴുപത്തി ഏഴാം പിറന്നാളിലും അത് അർത്ഥപൂർണമാക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല. അതിനുള്ള പരിശ്രമം തുടരണം. സ്വാതന്ത്ര്യം എന്ന വാക്ക് അർത്ഥപൂർണമാകണമെങ്കിൽ നാം ഇനിയും ഏറെ മുന്നോട്ട് പോകേണ്ടതുണ്ട്. ഒട്ടേറെ രംഗങ്ങളിൽ കേരളം ഇന്ന് രാജ്യത്തിന് തന്നെ മാതൃകയാണ്. സാക്ഷരത, ആരോഗ്യ പരിപാലനം ഭവന നിർമാണം, പരിസ്ഥിതി സംരക്ഷണം, സാമൂഹിക സുരക്ഷ പെൻഷൻ, വ്യവസായിക മുന്നേറ്റം തുടങ്ങിയ രംഗങ്ങളിലൊക്കെ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്താണ്. 2025 ഓടെ രാജ്യത്ത് അതിദാരിദ്ര്യം ഇല്ലാതാക്കിയ സംസ്ഥാനമായും കേരളം മാറും. ജനങ്ങളുടെ ഇച്ഛാശക്തിക്ക് രൂപവും ഭാവവും നൽകി പ്രവർത്തിക്കുന്ന ഒരു ഭരണകൂടം ഇന്ന് ഇവിടെയുണ്ട്.
ഇടുക്കി ജില്ലയിലെ ജനങ്ങളുടെ ജീവത്തായ പ്രശ്നമായ ഭൂപതിവുമായി ബന്ധപ്പെട്ട വിഷയങ്ങളും പരിഹരിക്കപ്പെടാൻ പോവുകയാണ്. സബ്ജക്ട് കമ്മിറ്റി പരിശോധനക്ക് ശേഷം സെപ്റ്റംബറിൽ നടക്കുന്ന അടുത്ത നിയമസഭ സെഷനിൽ ഭൂപതിവ് ബിൽ അവതരിപ്പിക്കപ്പെടുമ്പോൾ ഇടുക്കി ജില്ലയിലെ കർഷകരുടെ ചിരകാല അഭിലാഷം സാക്ഷാത് കരിക്കപ്പെടുമെന്ന് മന്ത്രി പറഞ്ഞു.അടുത്ത സ്വതന്ത്ര്യദിനം എത്തുമ്പോൾ കൂടുതൽ മേഖലകളിൽ പുരോഗതി കൈവരിക്കാനും എല്ലാതരം വിഭാഗീയതകളും അവസാനിപ്പിക്കാനും നമുക്ക് കഴിയണം. സ്വാതന്ത്ര്യം എന്ന വാക്കിൻ്റെ അർത്ഥം എല്ലാവർക്കും മനസ്സിലാകുന്ന തരത്തിൽ ഭാവി പ്രവർത്തനങ്ങൾ രൂപപ്പെടുത്തി മുന്നേറാൻ കഴിയട്ടെ എന്നും അദ്ദേഹം പറഞ്ഞു.
ഇടുക്കി ഐ ഡി എ മൈതാനത്ത് നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ രാവിലെ 9 ന് മന്ത്രി വി എൻ വാസവൻ ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു.

പരേഡ് കമാൻഡർ ഉടുമ്പഞ്ചോല സി. ഐ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ 21 പ്ലറ്റൂണുകളാണ് പരേഡിൽ അണി നിരന്നത്. ഇടുക്കി ഹെഡ് ക്വാർട്ടേഴ്സ് ആർ. എസ്. ഐ ബിജു കെ. യുടെ നേതൃത്വത്തിൽ പൊലീസ്, സബ് ഇൻസ്‌പെക്ടർ വിനോദ്കുമാർ ടി യുടെ നേതൃത്വത്തിൽ ലോക്കൽ പൊലീസ്, സബ് ഇൻസ്‌പെക്ടർ സുലേഖയുടെ നേതൃത്വത്തിൽ വനിതാ പൊലീസ്, വണ്ടിപ്പെരിയാർ എക്സൈസ് ഇൻസ്പെക്ടർ അനീഷ് കെ എയുടെ നേതൃത്വത്തിൽ എക്സൈസ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അജയ് ഘോഷിന്റെ നേതൃത്വത്തിൽ വനം വകുപ്പ് എന്നിവ അണിനിരന്നു.
എൻ. സി. സി സീനിയർ ഡിവിഷൻ വിഭാഗത്തിൽ മാസ്റ്റർ അശ്വിൻ ബിനുവിന്റെ നേതൃത്വത്തിൽ കട്ടപ്പന ഗവ. കോളേജ്, മാസ്റ്റർ ലിബിൻ ബെന്നി നയിച്ച മുരിക്കാശ്ശേരി പാവനാത്മ കോളേജ്, മാസ്റ്റർ കെനിസ് കെ സുനിൽ, കുമാരി നിഖില വർഗീസ് എന്നിവർ നയിച്ച തങ്കമണി സെന്റ്. തോമസ് ഹയർ സെക്കൻഡറി സ്കൂൾ, മാസ്റ്റർ സച്ചു ഡേവിസിന്റെ നേതൃത്വത്തിൽ വാഴത്തോപ്പ് സെന്റ്. ജോർജ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവയും എൻ. സി. സി ജൂനിയർ ഡിവിഷൻ വിഭാഗത്തിൽ മാസ്റ്റർ ഹരിഗോവിന്ദ്, കുമാരി നേഹ ബൈജു എന്നിവരുടെ നേതൃത്വത്തിൽ ജവഹർ നവോദയ വിദ്യാലയ,സ്റ്റുഡന്റസ് പൊലീസ് കേഡറ്റ്സ് വിഭാഗത്തിൽ മാസ്റ്റർ അർജുൻ കൃഷ്ണ നയിച്ച വാഴത്തോപ്പ് സെന്റ്. ജോർജ് ഹയർ സെക്കൻഡറി സ്കൂൾ ,മാസ്റ്റർ ഷൈജുവിന്റെ നേതൃത്വലുള്ള പൈനാവ് എം. ആർ. എസ്, കുമാരി ബിൽഘ ജോബി നയിച്ച കഞ്ഞിക്കുഴി നങ്കിസിറ്റി എസ്. എൻ. എച്ച്. എസ്. എസ്, കുമാരി അനന്യ കെ. ജെ നയിച്ച വാഴത്തോപ്പ് സെന്റ്. ജോർജ് ഹയർ സെക്കൻഡറി സ്കൂൾ, സ്കൗട്സ് വിഭാഗത്തിൽ മാസ്റ്റർ ആദിത്യൻ വി ഷാജി നയിച്ച പൈനാവ് കേന്ദ്രീയ വിദ്യാലയ, മാസ്റ്റർ ജാസിൽ നയിച്ച കുളമാവ് ജവഹർ നവോദയ വിദ്യാലയ, ഗൈഡ്സ് വിഭാഗത്തിൽ കുമാരി വിസ്മയ രാജ് നയിച്ച കുളമാവ് ജവഹർ നവോദയ വിദ്യാലയ, കുമാരി ദിയ ഫാത്തിമ നയിച്ച പൈനാവ് കേന്ദ്രീയ വിദ്യാലയ, എന്നീ പ്ലറ്റൂണുകളും പരേഡിൽ അണിനിരന്നു.സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് കെ. ടി ബിനു, ജില്ലാ കളക്ടർ ഷീബാ ജോർജ്, ജില്ലാ പൊലീസ് മേധാവി വി. യു കുര്യാക്കോസ്, സബ് കളക്ടർ ഡോ. അരുൺ എസ് നായർ, എ. ഡി. എം ഷൈജു പി ജേക്കബ്, ത്രിതല പഞ്ചായത്ത്‌ പ്രധിനിധികൾ, ഉദ്യോഗസ്ഥ പ്രതിനിധികൾ, രാഷ്ട്രീയ സാമൂഹ്യ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

പൈനാവ് എം. ആർ. എസ്, കഞ്ഞിക്കുഴി നങ്കിസിറ്റി എസ്. എൻ. എച്ച്. എസ്. എസ് എന്നീ സ്കൂളുകളിൽ നിന്നുള്ള ബാൻഡ് ടീം പരേഡിന് താളലയമൊരുക്കി. കുളമാവ് ജവഹര്‍ നവോദയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികൾ ദേശീയഗാനം ആലപിച്ചു. പൈനാവ് കേന്ദ്രീയ വിദ്യാലയത്തിലെയും വാഴത്തോപ്പ് സെന്റ് ജോർജ് സ്കൂളിലെയും വിദ്യാര്‍ത്ഥികൾ ദേശഭക്തി ഗാനം ആലപിച്ചു. കട്ടപ്പന സ്വദേശിയായ അനഘ മരിയ സാബു ദേശീയഗീതം വയലിനിൽ വായിച്ചു.

date