Skip to main content

വൈദേശികാധിപത്യത്തിനെതിരായ പോരാട്ടത്തില്‍   വലിയ സംഭാവന നല്‍കിയ മണ്ണാണ് വയനാട്: മന്ത്രി എ.കെ ശശീന്ദ്രന്‍

വൈദേശികാധിപത്യത്തിനെതിരായ പോരാട്ടത്തില്‍   വലിയ സംഭാവന നല്‍കിയ മണ്ണാണ് വയനാടെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌ക്കൂള്‍ ഗ്രൗണ്ടില്‍  നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ച ശേഷം സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു
അദ്ദേഹം. നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിന്റെ 77-ാം വാര്‍ഷികം ആഘോഷിക്കുന്ന  ദിനമാണിന്ന്. ഈ സുദിനത്തില്‍  രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ  പൊന്‍പുലരി നമുക്കായി നേടി തന്ന ധീരദേശാഭിമാനികളുടെ  ജ്വലിക്കുന്ന സ്മരണകള്‍   മതേതരത്വവും ജനാധിപത്യവും  സംരക്ഷിക്കുന്നതിനുള്ള നമ്മുടെ പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം പകരും.  അവരുടെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍  ഒരു പിടി പുഷ്പങ്ങള്‍  അര്‍പ്പിക്കുന്നു. വൈദേശികാധിപത്യത്തിനെതിരായ പോരാട്ടത്തില്‍   വലിയ സംഭാവനകള്‍ നല്‍കിയ മണ്ണാണ് വയനാടിന്റേത്.  സ്വാതന്ത്ര്യ സമരത്തിന്റെ ഏടുകളില്‍  വയനാടിന്റെ ഒളിമങ്ങാത്ത  ഓര്‍മയാണ് വീര കേരളവര്‍മ പഴശ്ശിരാജ. മാനന്തവാടിയിലാണ്  അദ്ദേഹത്തിന്റെ ഓര്‍മകളുറങ്ങുന്നത്. ഈ പോരാട്ടങ്ങള്‍ എന്നും  നമുക്ക് ആവേശമാണ്.  

ഒരു നൂറ്റാണ്ട്കാലം ജാതിക്കും മതത്തിനും ഭാഷയ്ക്കും  അതീതമായി ഒരു ജനത വൈദേശികാധിപത്യത്തിനെതിരെ പോരാടി  നേടിയ സ്വാതന്ത്ര്യം എന്ന മധുരം കാത്തു സൂക്ഷിക്കേണ്ട ചുമതല  ഓരോ ഇന്ത്യക്കാരനുമുണ്ട്. എന്നാല്‍  ഈ വൈവിധ്യങ്ങളെ  ഏകോപിപ്പിച്ചുകൊണ്ട് ഒരു ജനതയായി ചിന്തിക്കാന്‍ ഇപ്പോള്‍ നമുക്ക്  സാധിക്കുന്നുണ്ടോ എന്ന് നമ്മള്‍ ഓരോരുത്തരും  ആലോചിക്കേണ്ടതാണ്. നമ്മുടെ രാജ്യത്തിന്റെ വൈവിധ്യങ്ങളെയും  മതേതരത്വത്തിനെയും തകര്‍ക്കാനുള്ള ശ്രമങ്ങള്‍ രാജ്യത്തിന്റെ ഏതു  കോണില്‍  നിന്നു വന്നാലും അതിനെ ചെറുത്തുതോല്‍പ്പിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വം കൂടി നമുക്ക് ഉണ്ട് എന്ന് ഈ  സ്വാതന്ത്ര്യദിനത്തില്‍  ഓര്‍ക്കുകയും അത്തരം നീക്കങ്ങളെ  ചെറുക്കുമെന്ന് പ്രതിജ്ഞ ചെയ്യുകയും വേണം.  

വിദ്യാഭ്യാസമാണ് നാടിന്റെ പുരോഗതിയുടെ താക്കോല്‍.  ശക്തവും പ്രബുദ്ധവുമായ ഇന്ത്യയുടെ അടിത്തറ പാകുന്നത് നമ്മുടെ  ക്ലാസ് മുറികളിലാണ്.  വിദ്യാഭ്യാസ മേഖലയി  വലിയ മൂന്നേറ്റമാണ്  നമ്മുടെ സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. പൊതു വിദ്യാഭ്യാസ  സംരക്ഷണ യ ജ്ഞത്തിലൂടെ പൊതുവിദ്യാലയങ്ങളെ മികവിന്റെ  കേന്ദ്രങ്ങളാക്കി മാറ്റാന്‍ നമുക്ക് സാധിച്ചു. ആരോഗ്യം, കാര്‍ഷികം,  വിവര സാങ്കേതികം എന്നിങ്ങനെ എല്ലാ മേഖലയിലും വലിയ  മാറ്റങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. കേരളത്തെ  സംബന്ധിച്ചെടുത്തോളം ആരോഗ്യമേഖലയി  ലോകത്തിനു തന്നെ  മാതൃകയായ വലിയ മുന്നേറ്റമാണ് കോവിഡ് മഹാമാരിയുടെ  കാലത്ത് ഉണ്ടായത്.
 
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയായ അതിക്രമങ്ങള്‍  നമുക്ക് ദുഃഖ മുണ്ടാക്കുന്ന കാര്യമാണ്. ഇതിനെതിരെ ശക്തമായ  നടപടികളാണ് സര്‍ക്കാറിന്റെ ഭാഗത്ത്  നിന്നുണ്ടായികൊണ്ടിരിക്കുന്നത്. സമൂഹത്തില്‍  ഏറെ  ദൂഷ്യഫലങ്ങളുണ്ടാക്കികൊണ്ടിരിക്കുന്ന മറ്റൊരു വിപത്താണ്  വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗം. ലഹരിയ്‌ക്കെതിരെ സുശക്തവും  പഴുതുകള്‍ ഇല്ലാത്തതുമായ പ്രതിരോധമാര്‍ഗം തീര്‍ക്കുന്നതിനായി  ബഹുമുഖ കര്‍മ്മ പദ്ധതികളാണ് വിവിധ വകുപ്പുകളെ  ഏകോപിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നത്.സമൂഹത്തിലെ ബോധവല്‍ക്കരണവും സ്ത്രീധനമുള്‍പ്പെടെയുള്ള  അനാചാരങ്ങള്‍ക്കെതിരെ പ്രതിജ്ഞ ചെയ്യാനും  പ്രാവര്‍ത്തികമാക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നമ്മള്‍  ഓരോരുത്തരും നേതൃത്വം നല്‍കണം എന്നാണ് ഈയ വസരത്തില്‍ ആവശ്യപ്പെടാനുള്ളത്. ഭരണഘടന അനുശാസിക്കുന്ന സമത്വവും  സ്വാതന്ത്ര്യവും പൂര്‍ണ്ണ അര്‍ത്ഥത്തില്‍  നടപ്പാക്കാനുള്ള  പ്രവര്‍ത്തനങ്ങളാണ് നാം നടത്തേണ്ടത്.  
 
വയനാടിനെ സംബന്ധിച്ച് ഏറെ അഭിമാനിക്കാവുന്ന  സമയമാണിത്. നാടന്‍ നെല്‍  വിത്തുകളുടെ സംരക്ഷകനായ  നമ്മുടെയെല്ലാം പ്രിയങ്ക രനായ ശ്രീ. ചെറുവയല്‍  രാമനെ രാജ്യം  പത്മശ്രീ നല്‍കി ആദരിച്ചത് ന മുക്കെല്ലാം അഭിമാനമായ കാര്യമാണ്. അന്യം നിന്നുപോയ നിരവധി നെല്‍ വിത്തുകളുടെ സംരക്ഷകനും  സൂക്ഷിപ്പുകാരനും പ്രചാരകനുമാണ് ചെറുവയല്‍  രാമന്‍.  അതോടൊപ്പം അഭിമാനകരമായ നേട്ടമാണ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ്  ടീമില്‍  ഇടം നേടിയ മിന്നു മണിയുടേത്. ബംഗ്ലാദേശിനെതിരായ  ട്വന്റി-20 പരമ്പരയ്ക്കുള്ള വനിതാ ക്രിക്കറ്റ് ടീമില്‍ കളിച്ച മിന്നുമണി  മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ക്രിക്കറ്റ് ലോകത്ത ് രാജ്യത്തിന്  അഭിമാനകരമാകുന്ന വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍  മിന്നുമണിയ്ക്ക് സാധിക്കട്ടെ എന്ന് ഈ അവസരത്തില്‍   ആശംസിക്കുന്നു.  
 സ്വാതന്ത്ര്യാനന്തര ഇന്ത്യയെ കണ്ണിലെ  കൃഷ്ണ മണിപോലെ കാത്തുസൂക്ഷിക്കുന്നതിനു വേണ്ടിയുള്ള  പോരാട്ടത്തിനിടയില്‍ വീരമൃത്യു വരിച്ച ധീരജവാന്മാരുടെ ഓര്‍മ്മകള്‍ക്ക് മുമ്പിലും സ്വാതന്ത്ര്യ പുലരി നമുക്കായി നല്‍കിയ  ധീരരക്തസാക്ഷികളുടെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ സാക്ഷിയാക്കി,  ഭരണ ഘടനെ സംരക്ഷിക്കുന്നതിനും രാജ്യത്തിന്റെ ഐക്യവും  അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നതിനും ഒരേ മനസ്സായി നമുക്ക്  പോരാടാം എന്ന് പ്രതിജ്ഞ ചെയ്ത്് എല്ലാവര്‍ക്കും  സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നാണ് മന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.
 
പരേഡില്‍ 30 പ്ലാറ്റൂണുകള്‍ അണിനിരന്നു. പോലീസ്, എക്‌സൈസ്, വനം, സ്‌ക്കൗട്ട് ആന്റ് ഗൈഡ്‌സ്, എസ്.പി.സി, എന്‍.സി.സി പ്ലാറ്റൂണുകള്‍ അണിനിരന്നു.  സ്വതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ കണിയാമ്പറ്റ ചില്‍ഡ്രന്‍സ് ഹോം, കല്‍പ്പറ്റ എസ്.കെ.എം.ജെ. എച്ച്.എസ്.എസ്, മാനന്തവാടി ബി.ആര്‍.സി, കണിയാമ്പറ്റ ജി.എം.ആര്‍.എസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിച്ചു. പരേഡ് മാര്‍ച്ച് പാസ്റ്റില്‍ സേനാ വിഭാഗത്തില്‍ പൊലീസ് ഡി.എച്.ക്യൂ പ്ലാറ്റൂണ്‍ ഒന്നാം സ്ഥാനവും എക്‌സൈസ് രണ്ടാം സ്ഥാനവും നേടി. എന്‍.സി.സി വിഭാഗത്തില്‍ സുല്‍താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ് ഒന്നാം സ്ഥാനവും കല്‍പറ്റ എന്‍ എം എസ് എം കോളേജ് രണ്ടാം സ്ഥാനവും നേടി. എസ്.പി.സി വിഭാഗത്തില്‍ കണിയാമ്പറ്റ ജി എം ആര്‍ എസ് ഒന്നാം സ്ഥാനവും പിണങ്ങോട് ഡബ്ല്യയു ഒ എച് എസ് എസ്, മാനന്തവാടി ജി വി എച് എസ് എസ് എന്നിവര്‍ രണ്ടാം സ്ഥാനവും നേടി. സ്‌കൗട്ടസ് ആന്റ് ഗൈഡ്‌സ് വിഭാഗത്തില്‍ ഡീപോള്‍ പബ്ലിക് സ്‌കൂളും കല്‍പറ്റ എന്‍ എസ് എസ് എച് എസ് എസ് എസും സമ്മാനം നേടി. 2022 ലെ സായുധസേനാ പതാക ദിന ഫണ്ടിലേക്ക് ഏറ്റവും കൂടുതല്‍ തുക സമാഹരിച്ച് നല്‍കിയ ജോയിന്റ് രജിസ്ട്രാര്‍ ഓഫീസ്, കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് കല്‍പ്പറ്റ, ഗവ. സര്‍വജന ഹൈസ്‌ക്കൂള്‍ സുല്‍ത്താന്‍ ബത്തേരി എന്നിവയ്ക്കുള്ള ട്രോഫിയും ചടങ്ങില്‍ വിതരണം ചെയ്തു.  ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടികളുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന നശാമുക്ത് ഭാരത് അഭിയാന്‍ ജില്ലയില്‍ വ്യാപിപ്പിക്കുന്നതിന്റെ ജില്ലാതല പ്രഖ്യാപനം ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്  നിര്‍വഹിച്ചു.

എം.എല്‍ എ മാരായ അഡ്വ. ടി. സിദ്ധീഖ്, ഒ. ആര്‍ കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍, കല്‍പറ്റ നഗരസഭാ ചെയര്‍മാന്‍ മുജീബ് കേയംതൊടി, പ്രശസ്ത സിനിമാ നടന്‍ അബു സലിം, എ.ഡി.എം എന്‍. ഐ.ഷാജു, ജില്ലാ പൊലീസ് മാധാവി പദം സിങ്, സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
 

date