Skip to main content

സന്തോഷം നിറഞ്ഞുതുളുമ്പുന്ന ഓണക്കാലം - മന്ത്രി കെ എന്‍ ബാലഗോപാല്‍

എല്ലാ വിഭാഗങ്ങള്‍ക്കും സന്തോഷിക്കാന്‍ അവസരമുള്ള ഓണക്കാലമാണ് ഇത്തവണത്തേത് എന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കൊട്ടാരക്കര നിയോജക മണ്ഡലത്തിലെ വിവിധ കൃഷിഭവനുകളില്‍ ചിങ്ങം ഒന്നിനോടനുബന്ധിച്ച കര്‍ഷകദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

60 ലക്ഷം പേര്‍ക്ക് സാമൂഹ്യസുരക്ഷാപെന്‍ഷന്‍ നല്‍കുകയാണ്. തൊഴിലാളികള്‍ക്ക് അര്‍ഹതപ്പെട്ട ബോണസും ഇതര ആനൂകൂല്യങ്ങളുമെല്ലാം നല്‍കുന്നുമുണ്ട്. കെ എസ് ആര്‍ ടി സി ക്ക് 9000 കോടിരൂപയാണ് നല്‍കിയിട്ടുള്ളത്. ശേഷിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ചുവരികയാണ്. പ്രാദേശികതലത്തില്‍ ഉള്‍പ്പടെ വികസനം നിരന്തരമായി തുടരുകയുമാണ്. കൃഷിയുടെ കാര്യത്തിലും വലിയപിന്തുണയാണ് നല്‍കുന്നത്. പ്രകൃതിപ്രതിഭാസങ്ങള്‍ കാരണം കാര്‍ഷികഉത്പന്നങ്ങള്‍ക്ക് ദൗര്‍ലഭ്യവും വിലക്കയറ്റവും ഉണ്ടായപ്പോള്‍ വിലപിടിച്ചുനിര്‍ത്താന്‍ പരമാവധി പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയത്, അത് ഇനിയും തുടരും.

കാര്‍ഷിക മേഖലയില്‍ ഉത്പന്നവൈവിധ്യവത്കരണം പരമാവധിയാക്കണം. 100 കോടി രൂപയുടെ കാര്‍ഷിക കമ്പനി സര്‍ക്കാര്‍ തുടങ്ങുകയാണ്. ലാഭകരമായി കൃഷിനടത്താന്‍ സര്‍ക്കാരിന്റെ പിന്തുണ എല്ലായ്‌പ്പോഴുമുണ്ടാകും. മൂല്യവര്‍ധിത കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം. ശാസ്ത്രീയ കൃഷി രീതികള്‍ നടപ്പിലാക്കി ഭക്ഷ്യസ്വയംപര്യാപ്തതയാണ് ലക്ഷ്യമാക്കേണ്ടത്. വര്‍ഗീയ-വംശീയ വേര്‍തിരിവുകളില്ലാതെ ഒറ്റക്കെട്ടായി നിലകൊള്ളാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. എല്ലാവര്‍ക്കും ഓണാശംസയും നേര്‍ന്നു.

വിദ്യാര്‍ഥികര്‍ഷകര്‍ മുതല്‍ മുതിര്‍ന്ന കര്‍ഷകരെയും വ്യത്യസ്ത ചടങ്ങുകളിലായി മന്ത്രി ആദരിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദു ജി നാഥ് മൈലത്തും ജെ സജിമോന്‍ കുളക്കടയിലും വി. കെ. ജ്യോതി നെടുവത്തൂരും പി എസ് പ്രശോഭ കരീപ്രയിലും ബിജു എബ്രഹാം എഴുകോണിലും കൊട്ടാരക്കര നഗരസഭ അധ്യക്ഷന്‍ എസ് ആര്‍ രമേശ് കൊട്ടാരക്കരയിലും അധ്യക്ഷരായി. തദ്ദേശസ്വയംഭരണ സ്ഥാപന ഭാരവാഹികള്‍, കര്‍ഷകര്‍, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍, പൗരപ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date