Skip to main content

തൊണ്ടിലക്കടവ് പാലം  പ്രവൃത്തി നാളെ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും

 

കുന്ദമംഗലം, ബേപ്പൂർ നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തൊണ്ടിലക്കടവ് പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നാളെ (ആഗസ്റ്റ് 19) വൈകീട്ട് 3 മണിക്ക് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും. ഒളവണ്ണ തൊണ്ടിലക്കടവിൽ നടക്കുന്ന പരിപാടിയിൽ പി.ടി.എ റഹീം എം.എൽ.എ അധ്യക്ഷത വഹിക്കും. 

ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ബി.കെ കനാലിന് കുറുകെ നിർമ്മിക്കുന്ന പാലത്തിന്റെ മറുകര കോഴിക്കോട് കോർപ്പറേഷനിലാണ് സ്ഥിതിചെയ്യുന്നത്.
ഇൻലാന്റ് നാവിഗേഷൻ റൂട്ട്  പരിഗണിച്ച് മധ്യഭാഗത്ത് നിർമ്മിക്കുന്ന 55 മീറ്റർ നീളത്തിലുള്ള ബ്രൗസ്ട്രിംഗ് ആർച്ച് സ്പാൻ ഉൾപ്പെടെ 12.5 മീറ്റർ നീളത്തിലുള്ള 10 സ്പാനുകൾ അടക്കം 11 സ്പാനുകളാണ് 180 മീറ്റർ നീളത്തിൽ നിർമ്മിക്കുന്ന പാലത്തിനുണ്ടാവുക. പാലത്തിന്റെ ഇരുഭാഗങ്ങളിലുമായി 60 മീറ്റർ വീതം നീളത്തിലുള്ള അപ്രോച്ച് റോഡ് നിർമ്മിക്കുന്നതിനുള്ള തുകയും പദ്ധതിയിൽ വകയിരുത്തിയിട്ടുണ്ട്.

പാലം യാഥാർഥ്യമാകുന്നതോടെ ഒളവണ്ണ ഭാഗത്ത് നിന്നുള്ള യാത്രക്കാർക്ക് ചെറുവണ്ണൂർ, ഫറോക്ക് ഭാഗങ്ങളിലേക്കുള്ള യാത്ര എളുപ്പമാകും. ദേശീയപാതയിൽ അരീക്കാട് ജംഗ്ഷനിൽ ഉണ്ടാവുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും പാലം സഹായകമാകും. 20.4 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പാലത്തിന്റെ കരാർ എടുത്തത് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ്.

date