Skip to main content

ഒതായി സ്വാശ്രയ കർഷക കൂട്ടായ്മയ്ക്ക് ഓണസമ്മാനമായി സ്വന്തം വിപണന കേന്ദ്രം

ഉദ്ഘാടനം ആഗസ്റ്റ് 14ന് മന്ത്രി പി പ്രസാദ് നിര്‍വഹിക്കും
ഒതായിലെ കർഷക കൂട്ടായ്മയ്ക്ക്  ഓണസമ്മാനമൊരുക്കി വെജിറ്റബിൾ ആൻഡ് ഫ്രൂട്‌സ് പ്രമോഷൻ കൗൺസിൽ കേരള (വി.എഫ്.പി.സി.കെ). ഏറെനാളത്തെ കാത്തിരിപ്പുകൾക്ക് ശേഷം 25 ലക്ഷം രൂപ മുതൽ മുടക്കിൽ സ്വന്തമായൊരു വിപണന കേന്ദ്രം എന്ന സ്വപ്നമാണ് ഈ ഓണക്കാലത്ത് കർഷക കൂട്ടായ്മയ്ക്ക് യാഥാർഥ്യമാകുന്നത്.
സ്വന്തമായൊരു വിപണന കേന്ദ്രം എന്ന സ്വപ്ന പദ്ധതി സാക്ഷാത്കരിക്കാൻ 32 ലക്ഷം രൂപയാണ് കർഷകർ സമാഹരിച്ചത്. തുടർന്ന് അരീക്കോട് ഒതായി റോഡിൽ 10 സെന്റ് സ്ഥലം വാങ്ങി കെട്ടിട നിർമ്മാണത്തിനായി വി.എഫ്.പി.സി.കെക്ക് കൈമാറുകയായിരുന്നു. ഇവിടെ നിർമാണം പൂർത്തിയായ കെട്ടിടം ആഗസ്റ്റ് 14ന് ഉച്ചയ്ക്ക് 12.30ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് നാടിന് സമർപ്പിക്കും. ഇതോടൊപ്പം കർഷക കൂട്ടായ്മ പുറത്തിറക്കുന്ന സുവനീറും മന്ത്രി പ്രകാശനം ചെയ്യും.
എടവണ്ണ, ഉർങ്ങാട്ടീരി, മമ്പാട് ഗ്രാമപഞ്ചായത്തുകളിലെ കർഷകർക്ക് കൈത്താങ്ങായി 1996ലാണ് വി.എഫ്.പി.സി.കെക്ക് കീഴിൽ ഒതായി സ്വശ്രയ കർഷക സമിതി രൂപവത്കരിച്ചത്. സമിതിയുടെ പ്രവർത്തനങ്ങൾ 27 വർഷം പൂർത്തിയാകുമ്പോൾ  കാർഷിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് ഇവിടെ ഉണ്ടായിട്ടുള്ളത്.
വാണിജ്യ അടിസ്ഥാനത്തിൽ പഴം പച്ചക്കറി കൃഷി ചെയ്യുന്ന 15 മുതൽ 20 വരെ കർഷകരുടെ സ്വാശ്രയ സംഘങ്ങളാണ് കർഷക സമിതി പ്രവർത്തനങ്ങളുടെ അടിസ്ഥാനം. ഒതായി സ്വാശ്രയ കർഷക കൂട്ടായ്മയിൽ 25 സ്വാശ്രയ കർഷക സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
കർഷകരുടെ ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിനും ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്നും കർഷകരെ രക്ഷിക്കുന്നതിനും ഉത്പന്നങ്ങൾക്ക് മെച്ചപ്പെട്ട വില ലഭിക്കുന്നതിനും സ്വാശ്രയ കർഷക വിപണന കേന്ദ്രങ്ങൾ സഹായിക്കുന്നു.
കർഷകർക്ക് വിത്ത് മുതൽ വിപണി വരെയുള്ള സേവനങ്ങൾ നൽകുന്നതിനും കാർഷികോത്പന്നങ്ങൾക്ക് ന്യായവില ലഭ്യമാക്കുന്നതിനും കർഷകരോടൊപ്പം ചേർന്നുനിൽക്കുന്ന വി.എഫ്.പി.സി.കെയുടെ ജില്ലയിലെ പുതിയൊരു ചുവടുവെപ്പ് കൂടിയാണ് ഒതായിലെ പുതിയ വിപണന കേന്ദ്രം.

date