Skip to main content

യൂസർ ഫീ: പൊതുജനങ്ങൾ സഹകരിക്കണം

ഹരിതകർമ സേന മുഖേന മാലിന്യം ശേഖരിക്കുന്നതിന് യൂസർ ഫീ നൽകാൻ പൊതുജനങ്ങൾ സഹകരിക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻറ് ഡയറക്ടർ പ്രീതി മേനോൻ അഭ്യർത്ഥിച്ചു. ഹരിതകർമ സേന മുഖേന മാലിന്യം ശേഖരിക്കുന്നതിനുള്ള യൂസർ ഫീ നൽകിയില്ലെങ്കിൽ കുടിശ്ശികയായി കണക്കാക്കി വസ്തുനികുതിക്കൊപ്പം ഈടാക്കുമെന്ന് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. ഈ ഉത്തരവ് ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നിട്ടുമുണ്ട്. സംസ്ഥാനത്തുടനീളം ഹരിത കർമ സേനയുടെ പ്രവർത്തനം കാര്യക്ഷമമായി നടപ്പാക്കാനും മാലിന്യ നിർമ്മാർജ്ജനം ശക്തമാക്കാനുമാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. അതിനോട് പൊതുജനങ്ങൾ സഹകരിക്കണം. കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ അജൈവ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതാണ് ഹരിതകർമ സേന. തദ്ദേശ സ്ഥാപനങ്ങളിലെ എല്ലാ വാർഡുകളിലും ഇവരുടെ സേവനമുണ്ട്. വീടുകളിലെത്തി അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിന് വീട്ടുകാർ യൂസർ ഫീ നൽകണം. ഇത് കൊടുക്കാൻ ആളുകൾ മടിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ ഉത്തരവിറക്കിയിട്ടുള്ളതെന്നും അവർ അറിയിച്ചു.

date