Skip to main content

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർ പട്ടിക: ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി

 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലെ പഞ്ചായത്ത്-നഗരസഭ സെക്രട്ടറിമാർക്ക് പരിശീലനം നൽകി. ഇലക്ട്രറൽ രജിസ്ട്രേഷൻ ഓഫീസർമാർ കൂടിയായ പഞ്ചായത്ത്-നഗരസഭ സെക്രട്ടറിമാർക്കായി ജില്ലാ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പരിശീന പരിപാടി എ.ഡി.എം എൻ.എം മെഹറലി ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പ്രീതി മേനോൻ അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്തുകളിലെയും നഗരസഭകളിലെയും നിലവിലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കിയും 2023 ജനുവരി ഒന്നിന് 18 വയസ്സ് തികഞ്ഞവരെയും ഉൾപ്പെടുത്തിയാണ് വോട്ടർ പട്ടികയുടെ സംക്ഷിപ്ത പുതുക്കൽ നടത്തുന്നത്. ഇത് പ്രകാരം സെപ്റ്റംബർ എട്ടിന് കരട് വോട്ടർ പട്ടിക പ്രസിദ്ധികരിക്കും. അപേക്ഷകളും ആക്ഷേപങ്ങളും സെപ്റ്റംബർ എട്ടു മുതൽ 23ന് വൈകീട്ട് അഞ്ച് വരെ സ്വീകരിക്കും. അന്തിമ വോട്ടർ പട്ടിക ഒക്ടോബർ 16ന് പ്രസിദ്ധീകരിക്കും.

വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന് ഫോറം നാലിലും തിരുത്തലിന് ഫോറം ആറിലും ഒരു വാർഡിൽ നിന്നോ പോളിങ് സ്റ്റേഷനിൽ നിന്നോ സ്ഥാനമാറ്റം വരുത്തുന്നതിന് ഫോറം ഏഴിലും അപേക്ഷകൾ നൽകാം. sec.kerala.gov.in എന്ന വെബ്സൈറ്റ് മുഖേനയോ സർക്കാർ അംഗീകൃത ജനസേവന കേന്ദ്രങ്ങൾ മുഖേനയോ അപേക്ഷിക്കാം. അപേക്ഷിക്കുമ്പോൾ തന്നെ കമ്പ്യൂട്ടർ ജനറേറ്റഡ് ആയി ഹിയറിങ് നോട്ടിസ് ലഭിക്കും. വോട്ടർപട്ടികയിൽ പേര് ചേർക്കുന്നത് സംബന്ധിച്ചും പേര് ഒഴിവാക്കുന്നത് സംബന്ധിച്ചുള്ള ആക്ഷേപങ്ങൾ ഫോറം അഞ്ചിൽ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യുകയും അപേക്ഷയുടെ പ്രിന്റൗട്ടിൽ അപേക്ഷകർ ഒപ്പ് രേഖപ്പെടുത്തി നേരിട്ടോ തപാലിലൂടെയോ ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർക്ക് ലഭ്യമാക്കുകയും ചെയ്യണം. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ പി. മുരളി, പരിശീലകരായ രാജേഷ്‌കുമാർ, നൗഷാദ്, ഗിരീഷ്‌കുമാർ എന്നിവർ സംസാരിച്ചു.

date