Skip to main content
ജില്ലാ ഓണം ഫെയര്‍ 2023 പത്തനംതിട്ട മണിയാറ്റ് പ്ലാസ ഗ്രൗണ്ടില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

ഓണം ഫെയറുകള്‍ സര്‍ക്കാര്‍ വിപണി ഇടപെടലിന്റെ ഭാഗം: മന്ത്രി വീണാ ജോര്‍ജ്

സര്‍ക്കാരിന്റെ  വിപണി ഇടപെടലിന്റെ ഭാഗമാണ് ഓണം ഫെയറുകളെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലാ ഓണം ഫെയര്‍ 2023 പത്തനംതിട്ട മണിയാറ്റ് പ്ലാസ ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഫെയറുകള്‍ സംഘടിപ്പിക്കുകയാണ്. എഴുപതോളം ഇനങ്ങള്‍ പൊതുവിപണിയേക്കാള്‍ വിലക്കുറവില്‍ ഫെയറുകളില്‍ ലഭ്യമാകും. ബ്രാന്‍ഡ് ഉത്പന്നങ്ങളും പൊതുവിപണിയേക്കാള്‍ വിലക്കുറവില്‍ ലഭിക്കും.ഏഴു വര്‍ഷമായി 13 അവശ്യസാധനങ്ങള്‍ക്ക് സര്‍ക്കാര്‍ വില കൂട്ടിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.പ്രദേശവാസിയായ കെ.രാജന് സാധനങ്ങള്‍ നല്‍കി മന്ത്രി ആദ്യവില്‍പ്പന നടത്തി.കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തിലാണ് 28 വരെ ഓണം ഫെയര്‍ സംഘടിപ്പിക്കുന്നത്. പലവ്യഞ്ജനങ്ങള്‍, സ്റ്റേഷനറി സാധനങ്ങള്‍, പച്ചക്കറി, ഏത്തയ്ക്ക, മില്‍മ ഉത്പന്നങ്ങള്‍ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളും വിവിധ ബ്രാന്‍ഡുകളുടെ കണ്‍സ്യൂമര്‍ ഉത്പന്നങ്ങള്‍ക്ക് അഞ്ചു ശതമാനം മുതല്‍ 50 ശതമാനം വരെ വിലക്കുറവും, കോംബോ ഓഫറും, പൊതുവിപണിയേക്കാള്‍ വിലക്കുറവില്‍ ലഭ്യമാകും. 2500 സ്‌ക്വയര്‍ ഫീറ്റില്‍ പൂര്‍ണമായും ശീതീകരിച്ച സ്റ്റാളിലാണ് ഓണം ഫെയര്‍ നടക്കുന്നത്.
നഗരസഭാ കൗണ്‍സിലര്‍ മേഴ്‌സി വര്‍ഗീസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി.ജയന്‍, എന്‍.സി.പി. പ്രതിനിധി എം.മുഹമ്മദ് സാലി, കോണ്‍ഗ്രസ് എസ് ജില്ലാ ജനറല്‍ സെക്രട്ടറി ഷാഹുല്‍ ഹമീദ്, ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രാജു നെടുവംപുറം, ആര്‍.എസ്.പി.ജില്ലാ സെക്രട്ടറി അഡ്വ.കെ.എസ്.ശിവകുമാര്‍, ജില്ലാ സപ്ലൈ ഓഫീസര്‍ എം.അനില്‍, സപ്ലൈകോ ജില്ലാ ഡിപ്പോ മാനേജര്‍ എ.ദിലീപ് കുമാര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍ എ.ഷാജു, തുടങ്ങിയവര്‍ പങ്കെടുത്തു.

 

date