Skip to main content

വിദ്യാർത്ഥികളുടെ അഭിരുചി പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ പ്രവർത്തനം: മന്ത്രി ആർ. ബിന്ദു

 

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി സെന്റർ ആലുവയിൽ ആരംഭിച്ചു

 
എല്ലാ വിദ്യാർത്ഥികളുടെയും അഭിരുചികളെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള പ്രവർത്തനമാണ് കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി കാഴ്ചവയ്ക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി  വകുപ്പ് മന്ത്രി ആർ. ബിന്ദു പറഞ്ഞു. സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യുക്കേഷൻ കേരളയുടെ പുതിയ സിവിൽ സർവീസ് അക്കാദമി സെന്റർ ആലുവ മെട്രോ സ്റ്റേഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് മികച്ച പരിശീലനം നൽകി സിവിൽ സർവീസ് മേഖലയിൽ കേരളത്തിന്റെ പ്രാതിനിധ്യം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ അക്കാദമിക്ക് തുടക്കമിട്ടത്. സ്വകാര്യ മേഖലയിലെ  പരിശീലന കേന്ദ്രങ്ങളിൽ നിന്ന് വ്യത്യസ്തമായി കുറഞ്ഞ ചെലവിൽ വിദഗ്ധ പരിശീലനമാണ് അക്കാദമിയിൽ നൽകുന്നത്. സമൂഹത്തിൽ അരികവത്ക്കരിക്കപ്പെടുന്നവർക്കും പട്ടികജാതി പട്ടികവർഗ്ഗ സമൂഹത്തിനും അക്കാദമിയിൽ പരിശീലനത്തിന് ഫീസ് അനുകൂല്യങ്ങൾ നൽകി വരുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

 കഴിഞ്ഞവർഷം കേരളത്തിൽ നിന്ന് 37 ഉദ്യോഗാർത്ഥികൾക്ക് സിവിൽ സർവീസ് വിജയം കൈവരിക്കാൻ കഴിഞ്ഞു. മികവാർന്ന പരിശീലകരുടെ നേതൃത്വത്തിൽ വിദഗ്ധമായ പരിശീലനമാണ് സർക്കാർ സിവിൽ സർവീസ് അക്കാദമിയിലൂടെ നൽകുന്നത്.  വിദ്യാർത്ഥികൾക്ക് എല്ലാവിധ  സഹായ സൗകര്യങ്ങളും ഒരുക്കി വരുന്നു. പരീക്ഷയിൽ വിജയം നേടിയവർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിന് ഡൽഹിയിലേക്കുള്ള യാത്ര ചെലവും താമസസൗകര്യവും പരിശീലന കേന്ദ്രം വഹിക്കുന്നുണ്ട്.

കുട്ടികളിൽ അക്കാദമിക്ക് തലത്തിൽ മികവ് ഉയർത്തുന്നതിനൊപ്പം തന്നെ വ്യക്തിത്വ രൂപീകരണത്തിലും പരിശീലന കേന്ദ്രം ഇടപെടൽ നടത്തുന്നു. കാലാനുസൃതമായ പരിഷ്കാരങ്ങൾ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കി കൊണ്ടിരിക്കുകയാണ്. ഈ മാറ്റങ്ങൾ സിവിൽ സർവീസ് അക്കാദമിയിലും കൊണ്ടുവരും. സ്കൂൾ കാലഘട്ടം മുതൽ കുട്ടികളുടെ അഭിരുചി വളർത്തുന്നതിനുള്ള പ്രവർത്തനം അക്കാദമിയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. എട്ടു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കായി ടാലന്റ് ഡെവലപ്മെന്റ് കോഴ്സ്, പ്ലസ് വൺ പ്ലസ് ടു വിദ്യാർത്ഥികൾക്കായി സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ്, ബിരുദ വിദ്യാർത്ഥികൾക്കായി അവരുടെ പഠനത്തിനോടൊപ്പം തുടരാവുന്ന ആഴ്ചകളിൽ മാത്രമുള്ള ക്ലാസ്, ബിരുദം പൂർത്തിയായവർക്കായി സിവിൽ സർവീസ് പ്രിലിമിനറി മെയിൻ പരീക്ഷകൾക്കായുള്ള പരിശീലന ക്ലാസ്സുകളും അക്കാദമിയിൽ നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

അക്കാദമിയുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ച ലൈബ്രറിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

 അൻവർ സാദത്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു, ആലുവ നഗരസഭാ ചെയർമാൻ എം. ഒ ജോൺ, ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യുക്കേഷൻ ഡയറക്ടർ രാജീവ് കുമാർ ചൗധരി, കൊച്ചി മെട്രോ മാർക്കറ്റിംഗ് ജനറൽ മാനേജർ സി.  നിരീഷ്, ആലുവ സിവിൽ സർവീസ് അക്കാദമി സബ് സെന്റർ കോ ഓഡിനേറ്റർ കെ. ആർ ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു.

date