Skip to main content

കാർഷികോത്സവത്തിന് മുന്നോടിയായി കളമശേരിയിൽ വിളവെടുപ്പ് മഹോത്സവം

 

കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന കാർഷികോത്സവം 2023ന് മുന്നോടിയായി കളമശ്ശേരി മണ്ഡലത്തിൽ വിളവെടുപ്പ് മഹോത്സവം നടന്നു. മണ്ഡലം എം.എൽ.എയും വ്യവസായ വകുപ്പ് മന്ത്രിയുമായ പി രാജീവിന്റെ നേതൃത്വത്തിലാണ് മണ്ഡലത്തിലെ വിവിധ കൃഷിയിടങ്ങളിൽ വിളവെടുപ്പ് നടന്നത്. 

കുന്നുകര, കരുമാലൂർ, കടുങ്ങല്ലൂർ, ഏലൂർ, ആലങ്ങാട് എന്നിവിടങ്ങളിൽ മന്ത്രി നേരിട്ടെത്തി വിളവെടുപ്പിന് നേതൃത്വം നൽകി. കളമശ്ശേരിയിലെ റഹീമിന്റെ മത്സ്യകൃഷിയിൽ വിളവെടുത്താണ് വിളവെടുപ്പ് മഹോത്സവത്തിന് സമാപനം കുറിച്ചത്. സ്വകാര്യ വ്യക്തിയിൽ നിന്നും പാട്ടത്തിനെടുത്ത 70 സെന്റ് സ്ഥലത്ത് വരാൽ, സിലോപ്പിയ എന്നീ മത്സ്യങ്ങളാണ് റഹീം കൃഷി ചെയ്യുന്നത്. 

കുന്നുകരയിൽ സുഗതന്റെ പച്ചക്കറി കൃഷിയിടം, മാഞ്ഞാലിയിൽ അൻസാർ, സജിൽ, മനാഫ് എന്നിവരുടെ കൃഷിയിടം, കരുമാല്ലൂരിൽ പുറപ്പിള്ളിക്കാവ് ഡേവിസിന്റെ പൂവ് കൃഷി, ആലങ്ങാട് നീറിക്കോട് ബാങ്കിന്റെ പൂ കൃഷി, ചിറയം മഹിളകളുടെ പൂ കൃഷി, കടുങ്ങല്ലൂരിൽ കയ്യിന്റിക്കര ജിബിന്റെ കൃഷിയിടം, ഏലൂർ ഒന്നാം വാർഡിൽ ചുമ്മാറിന്റെ കൃഷിയിടം, കെ.പി കനകന്റെ കൃഷിയിടം, കളമശ്ശേരിയിൽ റഹീമിന്റെ മത്സ്യകൃഷി എന്നിവിടങ്ങളിൽ വിളവെടുപ്പ് നടന്നു.

ഘോഷയാത്രയോടെയാണ് കൃഷിയിടങ്ങളിലേക്ക് മന്ത്രിയെ സ്വീകരിച്ചത്. കൃഷിയുടെ പ്രാധാന്യം വിളിച്ചോതി ഓർഗാനിക് തിയറ്ററിന്റെ കടമ്പൽ മൂത്താൻ നയിക്കുന്ന കാർഷിക വിളംബര ജാഥ വിളവെടുപ്പ് മഹോത്സവത്തിന് മാറ്റ് കൂട്ടി മന്ത്രിയെ അനുഗമിച്ചു. 

കളമശ്ശേരിയിൽ ആഗസ്റ്റ് 20 മുതൽ 27 വരെ നടക്കുന്ന കാർഷികോത്സവം 2023 പ്രദർശന വിപണനമേളയിൽ ഇന്ന് വിളവെടുത്തതും മറ്റ്‌ പ്രാദേശിക കാർഷിക ഇനങ്ങളുടെയും മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളായിരിക്കും മുഖ്യ ആകർഷണം. 

ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, വൈസ് പ്രസിഡന്റ് എം.ആർ രാധാകൃഷ്ണൻ, കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, കരുമാലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു, ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം മനാഫ്, വൈസ് പ്രസിഡന്റ് ലത പുരുഷോത്തമൻ, ഏലൂർ മുനിസിപ്പാലിറ്റി ചെയർമാൻ എ.ഡി സുജിൽ എന്നിവർ അതത് തദ്ദേശ സ്ഥാപനങ്ങളിൽ വിളവെടുപ്പിൽ മന്ത്രിക്കൊപ്പം പങ്കെടുത്തു. 

ആഗസ്റ്റ് 20ന് വൈകിട്ട് 5ന് സാംസ്കാരിക ഘോഷയാത്രയുടെ തുടക്കം കുറിക്കുന്ന കാർഷികോത്സവം നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്യും. കളമശ്ശേരി മണ്ഡലത്തിൽ നടപ്പിലാക്കിവരുന്ന സമഗ്ര കാർഷിക വികസന പദ്ധതിയാണ് കൃഷിക്കപ്പം കളമശ്ശേരി.

date