Skip to main content

അമ്പലപ്പുഴ കെ.എസ്.ഇ.ബി. ഓഫീസ് മന്ദിരത്തിന്റെ നിര്‍മാണോദ്ഘാടനം നടത്തി

ആലപ്പുഴ: കെ.എസ്.ഇ.ബി. അമ്പലപ്പുഴ ഇലക്ട്രിക്കല്‍ സബ് ഡിവിഷന്‍, സെക്ഷന്‍ ഓഫീസ് മന്ദിരത്തിന്റെ നിര്‍മാണോദ്ഘാടനം എച്ച്. സലാം എം.എല്‍.എ. നിര്‍വഹിച്ചു. രാജ്യത്തിന്റെ വികസനത്തില്‍ വൈദ്യുതി മേഖല വലിയ പങ്കാണ് വഹിക്കുന്നതെന്ന് എം.എല്‍.എ പറഞ്ഞു. കാര്‍ഷിക, വ്യാവസായിക മേഖലകള്‍ക്കൊപ്പം പ്രാധാന്യമര്‍ഹിക്കുന്നതാണ് വൈദ്യുതി മേഖലയും. സംസ്ഥാന സര്‍ക്കാര്‍ കെ.എസ്.ഇ.ബി.യെ പൊതുമേഖല സ്ഥാപനമായി നിലനിര്‍ത്തുന്നത് കൊണ്ടാണ് പൊതുജനങ്ങള്‍ക്ക് സബ്‌സിഡിയോടെ കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭിക്കുന്നത്. പ്രകൃതി ക്ഷോഭവും കാലാവസ്ഥ വ്യതിയാനവും ഒന്നും വകവെയ്ക്കാതെ 24 മണിക്കൂറും പൊതുജനങ്ങള്‍ക്ക് വേണ്ടി ജോലിയില്‍ എര്‍പ്പെടുന്നവരാണ് കെ.എസ്.ഇ.ബി.യിലെ ജീവനക്കാര്‍. ഇവരെ എത്ര അഭിനന്ദിച്ചാലും മതിവരില്ലെന്നും എം.എല്‍.എ. പറഞ്ഞു.

പഴയ സബ് ഡിവിഷന്‍, സെക്ഷന്‍ ഓഫീസ് കെട്ടിടം ദേശീയപാത വികസനത്തിന്റെ ഭാഗമായി പൊളിച്ചു മാറ്റിയതോടെയാണ് 83 ലക്ഷം രൂപ ചെലവില്‍ പുതിയ ഓഫീസ് മന്ദിരം നിര്‍മിക്കുന്നത്. 24,000 ലോടെന്‍ഷന്‍ ഉപഭോക്താക്കളും 6 ഹൈടെന്‍ഷന്‍ ഉപഭോക്താക്കളുമുള്ള അമ്പലപ്പുഴ ഇലക്ട്രിക്കല്‍ സെക്ഷന്റെ വിസ്തൃതി 67.2 ചതുരശ്ര കിലോമീറ്ററാണ്. 

അമ്പലപ്പുഴ ഐശ്വര്യ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എ.എം. ആരിഫ് എം.പി. മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ശോഭാ ബാലന്‍, എ.എസ്. സുദര്‍ശനന്‍, കെ.എസ്.ഇ.ബി. ഡിസ്ട്രിബ്യൂഷന്‍ ഐ.റ്റി. & എസ്.സി.എം. ഡയറക്ടര്‍ പി. സുരേന്ദ്ര, ബ്ലോക്ക് പഞ്ചായത്തംഗം ആര്‍. ജയരാജ്, ഗ്രാമപഞ്ചായത്തംഗം കെ. മനോജ്കുമാര്‍, മധ്യമേഖല വിതരണ വിഭാഗം ചീഫ് എന്‍ജിനീയര്‍ കെ.എസ്. അനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

date