Skip to main content

മുലയൂട്ടുന്ന സമയത്ത് അമ്മമാർ പ്രത്യേകം ജാഗ്രത പുലർത്തണം

ആലപ്പുഴ: മുലപ്പാൽ ശ്വാസനാളത്തിൽ കയറി നവജാത ശിശുക്കൾ മരിക്കുന്ന സാഹചര്യം ഒഴിവാക്കാൻ  മുലയൂട്ടുന്നവർ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. ഗർഭ കാലത്ത് തന്നെ ശാസ്ത്രീയമായി മുലയൂട്ടുന്ന രീതികളെക്കുറിച്ചും കുഞ്ഞിനെ ശരിയായി മുലയൂട്ടുന്നതിനെക്കെുറിച്ചും അമ്മമാർ മനസിലാക്കണം.

ശ്വാസനാളത്തിൽ പാല് കയറി ശ്വാസതടസം ഉണ്ടായി നവജാത ശിശുക്കൾ മരിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാത്രി സമയങ്ങളിൽ അമ്മമാർ ക്ഷീണം മൂലം ഉറങ്ങിപ്പോകുന്നത്  കൊണ്ടോ ശരിയായ രീതിയിൽ മുലയൂട്ടാത്തത് കൊണ്ടോ ആണ് ഇത്തരം അപകടങ്ങൾ ഉണ്ടാകുന്നത്. 

കുഞ്ഞിന്റെ മുഖത്ത് നോക്കി വേണം പാലൂട്ടാൻ. മുലപ്പാലിന്റെ അളവ് ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. കുഞ്ഞിന്റെ വായിലേക്ക് പോകുന്ന മുലപ്പാലിന്റെ അളവ് അമ്മ ശ്രദ്ധിക്കണം. ധാരാളം പാൽ ഒരുമിച്ച് ലഭിക്കുന്നത് ചിലപ്പോൾ ശ്വാസനാളത്തിലേക്ക് പാല് കടക്കാൻ ഇടയാക്കും. കൃത്യമായ ഇടവേളകളിൽ വേണം കുഞ്ഞിനെ പാലൂട്ടാൻ. പാലൂട്ടിയ ശേഷം ശരിയായ രീതിയിൽ പുറത്ത് തട്ടി ഗ്യാസ് കളയുന്നത് പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും. മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് പെട്ടെന്ന് അസ്വസ്ഥതയോടെ പാല് കുടിക്കാതിരുന്നാൽ അമ്മ പ്രത്യേകം ജാഗ്രത പുലർത്തണം. എത്രയും വേഗം കുഞ്ഞിനെ ഭാഗികമായി ചെരിച്ചു കമഴ്ത്തി പുറത്ത് തട്ടി തൊണ്ടയിൽ കുടുങ്ങിയ പാലിനെ പുറത്തു കളയണം. പരിഭ്രാന്തരായി കുഞ്ഞിനെ നേരെ മുകളിലേക്ക് ഉയർത്തുന്നതും പരിപൂർണ്ണമായി കമഴ്ത്തി കിടത്തുന്നതും കൂടുതൽ പാൽ ശ്വാസനാളത്തിലേക്ക് കടന്ന് അപകടം ഉണ്ടാവാൻ ഇടയാക്കും. 

കുഞ്ഞിന്റെ തൊണ്ടയിൽ പാല് കുടുങ്ങിയാൽ കുഞ്ഞിന് പ്രാഥമികമായി നൽകേണ്ട ശുശ്രൂഷയെക്കുറിച്ച് മുലയൂട്ടുന്നവർ ഒരു ശിശുരോഗ വിദഗ്ധനിൽ നിന്നും നേരിട്ട് മനസിലാക്കണം. പെട്ടെന്ന് ഉണ്ടാകുന്ന പരിഭ്രാന്തിയിൽ അശാസ്ത്രീയമായി കുഞ്ഞിനെ കൈകാര്യം ചെയ്യുന്നത് കൂടുതൽ അപകടം ക്ഷണിച്ചുവരുത്തുമെന്നും ഡി.എം.ഒ. അറിയിച്ചു.

date