Skip to main content

ഓണമുണ്ണാൻ ഓണച്ചന്തകളുമായി കുടുംബശ്രീ

ആലപ്പുഴ: ഓണ വിപണി കെങ്കേമമാക്കാൻ കുടുംബശ്രീ ജില്ല മിഷന്റെ നേതൃത്വത്തിൽ ഓണച്ചന്തകളുമായി ജില്ലയിലെ മുഴുവൻ സി.ഡി.എസുകളും ഒരുങ്ങി. അടുത്തയാഴ്ച മുതൽ ഓണച്ചന്തകൾ സജീവമാകും. ജില്ലാതല ഓണച്ചന്ത കഞ്ഞിക്കുഴി എസ്.എൻ. കോളേജിന് സമീപം പ്രവർത്തിക്കും. 

ഉപ്പേരി, ശർക്കരവരട്ടി, വിവിധതരം അച്ചാറുകൾ, വെളിച്ചെണ്ണ, പപ്പടം, പായസ കിറ്റുകൾ തുടങ്ങിയ ഉത്പ്പന്നങ്ങളാണ് ഓണച്ചന്തയിലുള്ളത്. പച്ചക്കറികളും പൂക്കളും ഇവിടെ ലഭിക്കും. ഓണച്ചന്തകൾ സംഘടിപ്പിക്കുന്നതിന് പഞ്ചായത്തുകൾക്ക് 12,000 രൂപയും നഗരസഭകൾക്ക് 15,000 രൂപയുമാണ് ജില്ല മിഷനിൽ നിന്നും നൽകുന്നത്. കൂടാതെ സർക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം പഞ്ചായത്തുകൾക്ക് അവരുടെ തനത് ഫണ്ടിൽ നിന്നും ഒരു ലക്ഷം രൂപ വരെയും വിനിയോഗിക്കാം. 

ഓണച്ചന്തകളുടെ സുഗമമായ നടത്തിപ്പിന് ജില്ല മാനേജർമാർ, ബ്ലോക്ക് കോ-ഓർഡിനേറ്റർമാർ, എം.ഇ.സി.മാർ എന്നിവർക്ക് പ്രത്യേക ചുമതലകളും നൽകിയിട്ടുണ്ട്. ഗുണമേന്മയുള്ളതും മായം കലരാത്തതുമായ ഉത്പ്പന്നങ്ങൾ വിപണിയിലെത്തിച്ച് ഓണച്ചന്തകളിലൂടെ ഇത്തവണ റെക്കോർഡ് വിറ്റുവരവാണ് പ്രതീക്ഷിക്കുന്നതെന്ന് ജില്ല മിഷൻ കോ-ഓർഡിനേറ്റർ ജെ. പ്രശാന്ത് ബാബു, എ.ഡി.എം.സി. എം.ജി. സുരേഷ്, ഡി.പി.എം. സാഹിൽ ഫെയ്‌സി എന്നിവർ അറിയിച്ചു.

date