Skip to main content

ഉജ്ജ്വലബാല്യം പുരസ്‌കാരം 2022 ന് അപേക്ഷിക്കാം

വ്യത്യസ്ത മേഖലകളില്‍ അസാധാരണ കഴിവുകള്‍ പ്രകടിപ്പിക്കുന്ന കുട്ടികള്‍ക്ക് വനിതാ ശിശു വികസന വകുപ്പ് നടത്തുന്ന ഉജ്ജ്വലബാല്യം പുരസ്‌കാരത്തിന് അപേക്ഷിക്കാം. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്‍പ നിര്‍മ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനം എന്നീ മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന ആറിനും 18 നും മധ്യേ പ്രായമുള്ള കുട്ടികള്‍ക്കാണ് പുരസ്‌കാരം. 6-11 വയസ്, 12-18 വയസ് എന്നീ വിഭാഗങ്ങളില്‍ ഒരോ കുട്ടിക്ക് പുരസ്‌കാരവും 25,000 രൂപ വീതവും നല്‍കും. ഭിന്നശേഷി വിഭാഗത്തിലെ കുട്ടികളെ പ്രത്യേക വിഭാഗമായി പുരസ്‌കാരത്തിന് പരിഗണിക്കും.
അപേക്ഷകര്‍ മേല്‍ സൂചിപ്പിച്ച ഏതെങ്കിലും ഒരു മേഖലയില്‍ അവരുടെ കഴിവ് തെളിയിച്ച് അംഗീകരിക്കപ്പെട്ടിരിക്കണം. ഇതുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍, പ്രശസ്തി പത്രങ്ങള്‍, പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകമുണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പ്, പ്രകടനങ്ങള്‍ ഉള്‍ക്കൊള്ളുന്ന സി.ഡി പത്രകുറിപ്പുകള്‍ എന്നിവ അപേക്ഷയോടൊപ്പം ഉള്‍ക്കൊള്ളിക്കണം. 2022 ജനുവരി മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവിലെ പ്രാഗത്ഭ്യം ലഭിച്ച കുട്ടികളെയാണ് അവാര്‍ഡിന് പരിഗണിക്കുക.
ഒരു തവണ ഉജ്ജ്വല ബാല്യം പുരസ്‌കാരം ലഭിച്ച കുട്ടികളെയും കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ ചൈല്‍ഡ് അവാര്‍ഡ് ഫോര്‍ എക്‌സെപ്ഷണല്‍ അച്ചീവ്‌മെന്റ് (ബാല്‍ ശക്തി പുരസ്‌കാര്‍) കരസ്ഥമാക്കിയ കുട്ടികളെയും പുരസ്‌കാരത്തിന് പരിഗണിക്കില്ല. അപേക്ഷ ഫോമുകള്‍ക്കും മറ്റു വിവരങ്ങള്‍ക്കുമായി www.wcd.kerala.gov.in /ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് എന്നിവയുമായി ബന്ധപ്പെടാം. സെപ്റ്റംബര്‍ 15 വരെ അപേക്ഷകള്‍ നല്‍കാം. ഫോണ്‍: 0491-2531098, 8281899468.

date