Skip to main content

വനിതാ സംരംഭകരുടെ വ്യത്യസ്തങ്ങളായ ഉല്‍പ്പന്നങ്ങളുമായി മെഗാ മേള 'എസ്‌കലേറ' 

വ്യത്യസ്ത സംരംഭകരുടെ വൈവിധ്യം നിറഞ്ഞ ഉല്‍പ്പന്നങ്ങളുമായി കേരള വനിതാ വികസന കോര്‍പ്പറേഷന്‍ ബീച്ചില്‍ ഒരുക്കിയ എസ്‌കലേറ മെഗാ പ്രദര്‍ശന വിപണന മേള ശ്രദ്ധേയമാകുന്നു. വിവിധ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍, അച്ചാറുകള്‍, പായസം, അരിപ്പൊടി, വിവിധ കറി പൊടികള്‍, ബേക്കറി ഇനങ്ങള്‍, റെഡിമെയ്ഡ്, ഖാദി-കൈത്തറി തുണിത്തരങ്ങള്‍, ചുരിദാറുകള്‍, ബെഡ്ഷീറ്റുകള്‍, തോര്‍ത്ത് മുണ്ടുകള്‍,ചെരുപ്പുകള്‍, സാരികള്‍, സുഗന്ധദ്രവ്യങ്ങള്‍, കരകൗശല വസ്തുക്കള്‍, അമ്പും വില്ലും, മാലകള്‍, വളകള്‍, കളിമണ്‍ ഉല്‍പ്പന്നങ്ങള്‍, ശുദ്ധമായ തേന്‍, സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍, ഹോംമെയ്ഡ് സോപ്പുകള്‍, അലക്ക് പൊടികള്‍, മറയൂര്‍ ശര്‍ക്കര, തുടങ്ങി വിവിധ ഉല്‍പ്പന്നങ്ങളും സംരംഭം തുടങ്ങാന്‍ ആവശ്യമായ വിവരങ്ങളും മറ്റും അറിയാന്‍ സാധിക്കുന്ന സ്റ്റാളുകളും ഉള്‍പ്പെട്ടതാണ് പ്രദര്‍ശന മേള.  

കോഴിക്കോട് ബീച്ചില്‍ ശീതികരിച്ച സംവിധാനമുള്ള വിശാലമായ പന്തലിലാണ്  ഇരുനൂറോളം വനിതാ സംരംഭകരെ അണിനിരത്തി വനിത വികസന കോര്‍പ്പറേഷന്‍ 'എസ്‌കലേറ' സംഘടിപ്പിച്ചിരിക്കുന്നത്. വനിതാ വികസന കോര്‍പ്പറേഷന്റെ മാത്രം പിന്തുണയോടെ 113 സംരംഭങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്തിന് പുറത്തുനിന്നും 12 സംരംഭങ്ങളുണ്ട്. കൂടാതെ കുടുംബശ്രീയുടെ സ്റ്റാളുകളും പ്രവര്‍ത്തിക്കുന്നുണ്ട്. കുടുംബശ്രീ, കനറാ ബാങ്ക്, ഐ.ഡി.ബി.ഐ ബാങ്ക് എന്നീ സ്ഥാപനങ്ങളും മേളയില്‍ പങ്കാളികളാണ്. രുചി വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഫുഡ് കോര്‍ട്ടും മേളയുടെ ആകര്‍ഷണമാണ്. 

വനിതാ വികസന കോര്‍പ്പറേഷന്‍ വനിതകള്‍ക്ക് വേണ്ടി ഈ വര്‍ഷം മുതല്‍ ആരംഭിക്കുന്ന പ്രൊജക്റ്റ് കണ്‍സള്‍ട്ടന്‍സി പദ്ധതിയുടെ തുടക്കമായിട്ടാണ് സംസ്ഥാനത്ത് ആദ്യമായി മേള സംഘടിപ്പിച്ചത്. സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്ക് അതിന്റെ വിവിധ ഘട്ടങ്ങളില്‍ ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും പ്രതിസന്ധി ഘട്ടങ്ങളില്‍ കൈത്താങ്ങാവുകയുമാണ് പ്രൊജക്ട് കണ്‍സള്‍ട്ടന്‍സി വഴി കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നത്. പ്രദര്‍ശനത്തിന് പുറമെ മാലിന്യ സംസ്‌കരണ രംഗത്തെ തൊഴില്‍ സാധ്യതകള്‍, വനിതാ സംരംഭകത്വം, സ്ത്രീ സുരക്ഷയും ശാക്തീകരണവും, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് തുടങ്ങിയ വിഷയങ്ങളില്‍ എല്ലാ ദിവസവും രാവിലെ 10 മണി മുതല്‍ സെമിനാറുകളും നടക്കും. മേളയുടെ ഉദ്‌ഘാടനം ബീച്ചിലെ വേദിയിൽ ആരോഗ്യ വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. തുടർന്ന്  മന്ത്രമാരായ വീണാ ജോർജ്, എ.കെ ശശീന്ദ്രൻ, തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ എന്നിവർ വിവിധ സ്റ്റാളുകൾ സന്ദർശിച്ചു.   

മേളയുടെ ഭാഗമായി വൈകുന്നേരങ്ങളില്‍ പ്രമുഖ കലാകാരന്മാര്‍ പങ്കെടുക്കുന്ന കലാ സാംസ്‌കാരിക പരിപാടികളും അരങ്ങേറും. ആഗസ്റ്റ് 22 ന് പ്രമുഖ ഗായിക ഇംതിയാസ് ബീഗത്തിന്റെ നേതൃത്വത്തില്‍ ആറ് മണി മുതൽ മെഹ്ഫില്‍ അരങ്ങേറും. ആഗസ്റ്റ് 23 ന് വൈകിട്ട് ആറു മുതൽ ഗോത്ര കലാസംഘം അവതരിപ്പിക്കുന്ന തുടിതാളം കലാ അരങ്ങും അവതരിപ്പിക്കും. 24 ന് വൈകിട്ട് ആറു മുതൽ  ഫോക് ലോര്‍ അക്കാദമി അവതരിപ്പിക്കുന്ന പൂരക്കളി, ചരടു കുത്തി കോല്‍ക്കളി എന്നിവയും 25 ന് വൈകിട്ട് ആറു മുതൽ ഡി ടി പി സി യുടെ റെസിഡന്‍ഷ്യല്‍ കലാമേളയുമുണ്ടാകും. സമാപന ദിവസമായ 26 ന് വൈകിട്ട് ആറര മുതൽ ഫ്ലവേഴ്സ് ടി വി കോമഡി ഉത്സവ താരങ്ങള്‍ അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ നൈറ്റ് ഷോയും അരങ്ങേറും. പ്രദര്‍ശന മേള ആഗസ്റ്റ് 26ന് അവസാനിക്കും.

date