Skip to main content
എം എൽ എ ഫണ്ടിൽ നിന്നും അഴീക്കോട് നിയോജക മണ്ഡലത്തിലെ സ്കൂൾ ലൈബ്രറികൾക്ക് നൽകുന്ന പുസ്തക വിതരണോദ്‌ഘാടനം മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിക്കുന്നു.

അഴീക്കോട്ടെ 10 സ്‌കൂൾ ലൈബ്രറികൾക്ക് പുസ്തകങ്ങൾ നൽകി തിരിച്ചറിവാണ് ഏറ്റവും വലിയ അറിവ്: മന്ത്രി കെ രാധാകൃഷ്ണൻ

 

വിദ്യാഭ്യാസത്തിനൊപ്പം തിരിച്ചറിവുണ്ടാകുന്നതാണ് ഏറ്റവും വലിയ അറിവെന്ന് പട്ടികജാതി പട്ടികവർഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. എം എൽ എ ഫണ്ടിൽ നിന്നും അഴീക്കോട് നിയോജക മണ്ഡലത്തിലെ 10 സ്‌കൂൾ ലൈബ്രറികൾക്ക് നൽകുന്ന പുസ്തക വിതരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസംകൊണ്ട് മാത്രം എല്ലാം പൂർണ്ണമാകില്ല, തിരിച്ചറിവാണ് പ്രധാനം. അതുണ്ടാകാൻ വായിച്ച് വളരണം. നേരത്തെ കേരളത്തിലെ സ്‌കൂൾ കെട്ടിടങ്ങൾ തകർച്ചയുടെ വക്കിലായിരുന്നു. ഇപ്പോൾ അതെല്ലാം മാറി. മൂന്ന് വർഷംകൊണ്ട് സംസ്ഥാനത്തെ ഭൂരിഭാഗം സ്‌കൂളുകളുടെയും ഭൗതിക സാഹചര്യം മെച്ചപ്പെടും. ഇതോടൊപ്പം വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തണം. സങ്കുചിത ശക്തികൾ പലയിടത്തും അക്രമങ്ങൾ അഴിച്ചുവിടുന്നുണ്ട്. അത് നമ്മളിലേക്കും പടർന്നേക്കാം എന്ന ബോധത്തോടെ പ്രതിരോധിക്കാൻ പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.  
അഞ്ച് ലക്ഷം രൂപ ചെലവിൽ ചിറക്കൽ രാജാസ് ഹയർസെക്കണ്ടറി സ്‌കൂൾ, അഴീക്കോട് ഹയർസെക്കണ്ടറി സ്‌കൂൾ, അഴീക്കോട് ഗവ. ഹയർസെക്കണ്ടറി സ്‌കൂൾ, അഴീക്കൽ ഗവ. ഫിഷറീസ് ഹയർസെക്കണ്ടറി സ്‌കൂൾ, പള്ളിക്കുന്ന് ഗവ. ഹയർസെക്കണ്ടറി സ്‌കൂൾ, പുഴാതി ഗവ. ഹയർസെക്കണ്ടറി സ്‌കൂൾ, വളപട്ടണം ഗവ. ഹയർസെക്കണ്ടറി സ്‌കൂൾ, കണ്ണാടിപ്പറമ്പ് ഗവ. ഹയർസെക്കണ്ടറി സ്‌കൂൾ, പാപ്പിനിശ്ശേരി ഇ എം എസ് സ്മാരക ഗവ. ഹയർസെക്കണ്ടറി സ്‌കൂൾ, അരോളി ഗവ .ഹയർസെക്കണ്ടറി സ്‌കൂൾ എന്നിവയ്ക്കാണ് പുസ്തകങ്ങൾ നൽകിയത്.
ചിറക്കൽ രാജാസ് ഹയർസെക്കണ്ടറി സ്‌കൂളിൽ നടന്ന ചടങ്ങിൽ കെ വി സുമേഷ് എം എൽ എ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ അജീഷ് (അഴീക്കോട്), പി പി ഷമീമ (വളപട്ടണം), എ വി സുശീല  പാപ്പിനിശ്ശേരി), കെ രമേശൻ (നാറാത്ത്), ഡിഡിഇ എ പി അംബിക എന്നിവർ മുഖ്യാതിഥികളായി. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ അഡ്വ. ടി സരള, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ, ചിറക്കൽ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രുതി, വൈസ് പ്രസിഡണ്ട് പി അനിൽകുമാർ, വാർഡ് അംഗം കെ ലത, മണ്ഡലം സമഗ്ര വിദ്യാഭ്യാസ സമിതി കൺവീനർ കെ പി ജയപാലൻ, പ്രിൻസിപ്പൽ ഡോ. എ എസ് പ്രശാന്ത് കൃഷ്ണൻ, ചിറക്കൽ സഹകരണ ബാങ്ക് പ്രസിഡണ്ട് പി പ്രശാന്തൻ, പാപ്പിനിശ്ശേരി എഇഒ ഒ കെ ബിജിമോൾ, പാപ്പിനിശ്ശേരി ബി പി സി കെ പ്രകാശൻ, പ്രധാനാധ്യാപിക പി കെ സുധ, പി ടി എ പ്രസിഡണ്ട് എ പി ഹംസക്കുട്ടി  എന്നിവർ പങ്കെടുത്തു

date