Skip to main content

ഇനി ജില്ലയില്‍ ഹരിതക്യാമ്പസുകളും - ജില്ലാ കലക്ടര്‍

ജില്ലയില്‍ ഇനി ഹരിതക്യാമ്പസുകളാകും ഉണ്ടാകുകയെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. നവകേരളം പദ്ധതി അവലോകനം നടത്തവെയാണ് ജില്ലാ കലക്ടര്‍ ഹരിതകേരള മിഷന്‍ മുഖേന ക്യാമ്പസുകളില്‍ മാറ്റം വരുത്തുമെന്ന് വ്യക്തമാക്കിയത്. ഹരിത ടൂറിസം പദ്ധതിയും ജില്ലയില്‍ നടപ്പിലാക്കും. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാകും നിര്‍വഹണം.

ലൈഫ് മിഷന്‍ പദ്ധതി പ്രകാരം ജില്ലയില്‍ 18236 ഗുണഭോക്താക്കള്‍ക്ക് വീട് നിര്‍മിച്ചു നല്‍കി. ഭൂരഹിതരായ 3926 ഗുണഭോക്താക്കള്‍ക്ക് ഭവനനിര്‍മാണത്തിന് ഭൂമി വാങ്ങിനല്‍കി. 42 ഭൂരഹിതരെ പുനരധിപ്പിക്കുന്നതിനായി പുനലൂര്‍ നഗരസഭയില്‍ ഫ്‌ളാറ്റ് നിര്‍മാണവും പൂര്‍ത്തീകരിച്ചു.

പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി (വിദ്യാകിരണം) 10 സ്‌കൂളുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. 16 സ്‌കൂള്‍ കെട്ടിടങ്ങള്‍ പൂര്‍ത്തീകരിച്ചു. ആറു സ്‌കൂളുകളും പൂര്‍ത്തീകരിച്ചു. കിഫ്ബി ഫണ്ടാണ് വിനിയോഗിച്ചത്.

ആര്‍ദ്രം മിഷനിലൂടെ പിഎച്ച്‌സികള്‍ ഫാമിലി ഹെല്‍ത്ത് സെന്ററുകള്‍ ആയി ഉയര്‍ത്തുന്നതിന്റെ ഭാഗമായി 40 എണ്ണംപൂര്‍ത്തീകരിച്ചു. മുഖത്തല ബ്ലോക്ക്പഞ്ചായത്തില്‍ ജല ബജറ്റ് തയ്യാറാക്കി. നീര്‍ച്ചാലുകളുടെ സംരക്ഷണത്തിനായുള്ള 'ഇനി ഞാന്‍ ഒഴുകട്ടെ' ക്യാമ്പയിന്‍ മൂന്നാം ഘട്ടത്തിലേക്കായി. 11 ജലഗുണനിലവാര പരിശോധനലാബുകള്‍ ആരംഭിച്ചു. നെറ്റ് സീറോ കാര്‍ബണ്‍ പദ്ധതി ജില്ലയിലെ 10 ഗ്രാമങ്ങളില്‍ പുരോഗമിക്കുന്നു.

നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി ലൈഫ്, ആര്‍ദ്രം, ഹരിതകേരളം മിഷനുകളുടെ പ്രവര്‍ത്തനം വിശദമായി വിലയിരുത്തി. സെപ്റ്റംബര്‍ ആദ്യവാരത്തില്‍ ഓരോ മിഷനുകളും നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി പ്രത്യേക യോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

വിവിധ മിഷനുകളുടെ ജില്ലാതല മേധാവികള്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date