Skip to main content

ഓണം സമൃദ്ധമാക്കാൻ 148 ഓണച്ചന്തയുമായി കൃഷിവകുപ്പ്

 

ഓണത്തോടനുബന്ധിച്ച് പച്ചക്കറികൾ വിലക്കുറവിൽ ലഭ്യമാക്കുന്നതിനായി കൃഷി വകുപ്പ് ജില്ലയിൽ ഒരുക്കിയത് 148 ഓണച്ചന്തകൾ. കൃഷിഭവന്റെ നേതൃത്വത്തിൽ 81, ഹോർട്ടികോർപ്പിന്റെ 61, വെജിറ്റബിൾ ഫ്രൂട്ട്സ് പ്രമോഷൻ കൗൺസിൽ കേരളയുടെ ആറും ഓണച്ചന്തകൾ ജില്ലയിൽ നാളെ (ആഗസ്റ്റ് 25 ) മുതൽ ആരംഭിക്കും. കൂടാതെ കോർപ്പറേഷൻ പരിധിയിൽ മൊബൈൽ ഓണച്ചന്തയും പര്യടനം നടത്തും.

പ്രാദേശിക കർഷകരിൽനിന്ന് പൊതുവിപണിയിലെ വിലയേക്കാൾ 10 ശതമാനം അധികം നൽകിയാണ് പച്ചക്കറികൾ സംഭരിക്കുക. ശേഖരിക്കുന്ന കാർഷിക ഉൽപന്നങ്ങൾ 30 ശതമാനം വിലക്കുറവിലാണ് ഓണച്ചന്തകൾ വഴി വിൽക്കുന്നത്. ജില്ലയിലെ കർഷകരിൽ നിന്ന് സംഭരിക്കുന്ന പച്ചക്കറികൾ കൂടാതെ പാലക്കാട്‌ ജില്ലയിലെ അട്ടപ്പാടി മേഖലയിൽ നിന്നും, മൂന്നാറിൽ നിന്നുമുള്ള ശീതകാല പച്ചക്കറികളായ ക്യാബേജ്, ഉരുളകിഴങ് എന്നിവയും വിതരണ കേന്ദ്രത്തിൽ എത്തിയിട്ടുണ്ട്. കേരളത്തിൽ ലഭ്യമാവാത്ത പച്ചക്കറികൾ ഹോർട്ടികോർപ്പ് വഴി സംഭരിച്ച് 30 ശതമാനം വരെ വിലക്കുവിൽ നൽകും.

ഹോർട്ടികോർപ്പിന്റെ കോഴിക്കോട്ടെ വേങ്ങേരി, വടകരയിലെ തോടന്നൂർ കേന്ദ്രങ്ങളിൽ നിന്നും ജില്ലയിലെ പഞ്ചായത്തുകളിലേക്കുള്ള പച്ചക്കറി വിതരണം ആരംഭിച്ചതായി കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറും ഹോർട്ടികോർപ്പ് റീജിയണൽ മാനേജറുമായ (ഇൻചാർജ്) ടി ആർ ഷാജി പറഞ്ഞു.

ഓണച്ചന്തയുടെ ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 10.30ന് കണ്ണഞ്ചേരി ഗണപതി ക്ഷേത്രത്തിനു സമീപം തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കും. മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിക്കും. ആഗസ്റ്റ് 25 മുതൽ  28 വരെയാണ് ജില്ലയിലെ വിവിധ ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലും ഓണച്ചന്തകൾ നടത്തുക

date