Skip to main content

വയോജന പരാതി രഹിത ബ്ലോക്ക് പഞ്ചായത്താവാൻ തൂണേരി

 

തുണേരി ബ്ലോക്ക് പഞ്ചായത്ത് വയോജന പരാതിരഹിത ബ്ലോക്ക് പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിൻ്റെ മുന്നോടിയായി വയോജന അദാലത്ത് സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുൾപ്പെട്ട വയോജനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു വേണ്ടി ബ്ലോക്ക് പഞ്ചായത്തും വടകര കൺസീലിയേഷൻ സമിതിയും ചേർന്ന്  ബ്ലോക്ക് പഞ്ചായത്ത് ഹാളിലാണ് അദാലത്ത് സംഘടിപ്പിച്ചത്.

വയോജനങ്ങളോടുള്ള അവഗണ, വയോജനങ്ങൾ നേരിടുന്ന ഗാർഹിക പ്രശ്നങ്ങൾ എന്നിവയ്ക്ക് പരിഹാരം കാണാൻ വേണ്ടിയാണ് അദാലത്ത് സംഘടിപ്പിച്ചത്.

അദാലത്തിൽ വടകര ആർ ഡി ഒ സി.ബിജുവിന്റെ നേതൃത്വത്തിൽ പരാതികൾ കേട്ടു. ആകെ ലഭിച്ച 12 പരാതികളിൽ അഞ്ചെണ്ണം തീർപ്പു കൽപ്പിച്ചു. വഴിയുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർക്കും ഭൂമി സംബന്ധിച്ച പരാതികൾ താസിൽദാർക്കും, രണ്ടു പരാതികളിൽ എതിർകക്ഷികൾ ഹാജരാവത്തതിനാൽ തുടർനടപടികൾക്കുമായും മാറ്റിവെച്ചു.

അദാലത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ രജീന്ദ്രൻ കപ്പള്ളി അധ്യക്ഷത വഹിച്ചു. ബി ഡി ഒ ദേവിക രാജ് സംസാരിച്ചു. താലൂക്ക് കൺസീലിയേഷൻ മെമ്പർമാരായ എ.കെ.പിതാംബരൻ, മോഹനൻ, രാജേന്ദ്രൻ, വത്സൻ എന്നിവരും അദാലത്തിൽ പങ്കെടുത്തു.

date