Skip to main content

കേരള ബാങ്ക് വായ്പാ മേള: 70 കുടുംബശ്രീ അംഗങ്ങൾക്ക് ടൂ വീലര്‍ നൽകി

 

സംസ്ഥാന സഹകരണ ബാങ്ക് അത്തോളി ശാഖയും അത്തോളി ഗ്രാമപഞ്ചായത്ത് സി ഡി എസും സംയുക്തമായി കുടുബശ്രീ അംഗങ്ങൾക്കായി കെ ബി ഷീ ടു വീലർ വായ്പാ വിതരണ മേള സംഘടിപ്പിച്ചു. കെ.എം സച്ചിൻദേവ് എം എൽ എ വായ്പാ വിതരണമേള ഉദ്ഘാടനവും ടു വീലർ താക്കോൽ കൈമാറ്റവും നിർവ്വഹിച്ചു. അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ അധ്യക്ഷത വഹിച്ചു. കേരള ബാങ്ക് ഡയറക്ടർ ഇ രമേശ്ബാബു മുഖ്യാതിഥിയായി.

വനിതാ സരംഭകർ, കുടുംബശ്രീ അംഗങ്ങൾ, വിദ്യാർത്ഥിനികൾ, സർക്കാർ/അർധ സർക്കാർ, സഹകരണ, പൊതുമേഖലാ, സ്വകാര്യമേഖലാ ജീവനക്കാർ എന്നിവർക്കായി കേരള ബാങ്ക് ആവിഷ്‌കരിച്ച കെ ബി ഷീ ടൂവീലർ പദ്ധതി പ്രകാരം 70 വനിതകൾക്കാണ് ടൂ വീലർ നൽകിയത്. പദ്ധതി പ്രകാരം 7 വർഷം തിരിച്ചടവ് കാലാവധിയിൽ 2 ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്നു. ഈട് ഇല്ലാതെ വാഹന വിലയുടെ 90 ശതമാനം വരെ വായ്പ നൽകുന്നതും ഈ പദ്ധതിയുടെ പ്രത്യേകതയാണ്.

കേരള ബാങ്ക് അത്തോളി ശാഖക്ക് സമീപത്ത് സജ്ജീകരിച്ച കുടുംബശ്രീ വിപണനമേളയുടെ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ അത്തോളി ഗ്രാമ പഞ്ചായത്ത്  വൈസ് പ്രസിഡന്റ് സി.കെ റിജേഷ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുനീഷ് നടുവിലയിൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ എം.എം സരിത, സി.ഡി.എസ് ചെയർപേഴ്സൺ വിജില സന്തോഷ്, കേരള ബാങ്ക് ഏരിയ മാനേജർ പി.കെ സുരേഷ് എന്നിവർ സംസാരിച്ചു. കേരള ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ സണ്ണി തോമസ് സ്വാഗതവും  ശാഖ മാനേജർ വി ഗംഗാധരൻ നന്ദിയും പറഞ്ഞു.

date