Skip to main content

ലാവണ്യം 2023: ദൃശ്യ ശ്രവ്യ വിസ്മയത്തിന് വേദിയായി ദർബാർഹാൾ മൈതാനം

 

 താള മേള ഭംഗിയോടെ ദൃശ്യ ശ്രവ്യ വിസ്മയമായി ലാവണ്യം 2023 ൻ്റെ രണ്ടാം ദിനം. ഓണത്തിൻ്റെ വരവറിയിച്ചുകൊണ്ട്  ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായാണ് ലാവണ്യം 2023 സംഘടിപ്പിക്കുന്നത്.

പാർവതി തിരുവാതിര സംഘത്തിൻ്റെ തിരുവാതിര കളിയോടെയാണ് രണ്ടാം ദിനത്തെ പരിപാടികൾക്ക് തുടക്കമായത്. പാരമ്പര്യ രീതിയിൽ വേഷവിധാനങ്ങൾ അണിഞ്ഞ് തിരുവാതിര സംഘം വേദിയിൽ എത്തിയതോടെ ദർബാർ ഹാൾ മൈതാനിയിലെ ഓപ്പൺ വേദി കാഴ്ചക്കാരെ കൊണ്ട് നിറഞ്ഞു. ചെറിയ കുട്ടികൾ അവർക്കൊപ്പം ചുവടുകൾ വച്ചു. തിരുവാതിര പാട്ടിന്റെ ഈണത്തിനും ചുവടുകൾക്കും ഒപ്പം കാഴ്ചക്കാരും കൈകൊട്ടികളിയുടെ ഭാഗമായി മാറി.

പെർഫ്യൂം ബാൻഡ് ഡയാന സിൽവർ പ്രൊഡക്ഷൻസും ആസ്വാദകർക്ക് വ്യത്യസ്തമായ കലാ സന്ധ്യയൊരുക്കി. വ്യത്യസ്തമായ പാട്ടുകൾ കോർത്തിണക്കി ബാൻഡ് വേദി കീഴടക്കിയപ്പോൾ പാട്ടിനൊപ്പം താളം പിടിച്ച് ആസ്വാദകരും ഒപ്പം കൂടി. അതോടെ ആട്ടവും പാട്ടുമായി ആഘോഷപൂർണ്ണമായി ദർബാർഹാൾ മൈതാനം. 

ലാവണ്യം 2023 നോട് അനുബന്ധിച്ച് ഓഗസ്റ്റ് 31 വരെ വൈകിട്ട് ആറ് മുതൽ വിവിധ കലാ പരിപാടികളാണ് അരങ്ങേറുന്നത്. തിരുവോണ ദിനമായ ആഗസ്റ്റ് 29 ചൊവ്വാഴ്ച താന്തോന്നി തുരുത്ത് ദ്വീപ് നിവാസികളുടെ കൈക്കൊട്ടിക്കളിയും തുടർന്ന് അൽ അമീൻ ആർട്ട്സ് അവതരിപ്പിക്കുന്ന സൂഫി ഡാൻസ്, മട്ടൻന്നൂർ ശങ്കരൻകുട്ടി മാരാർ അവതരിപ്പിക്കുന്ന മ്യൂസിക്കൽ ബാൻഡ് ഷോ എന്നിവയാണ് നടക്കുന്നത്. 

ഓഗസ്റ്റ് 30 അവിട്ടം ദിനത്തിൽ ഫ്രീഡം ഓൺ വീൽസ്' വീൽ ചെയറിൽ ഇരിക്കുന്നവർ അവതരിപ്പിക്കുന്ന മോട്ടിവേഷണൽ ഷോ,    നയാഗ്രാ ഇവന്റ്സ് അവതരിപ്പിക്കുന്ന ചിരിമേളം എന്നിയാണ് ക്രമീകരിച്ചിരിക്കുന്നത്. 

31 ചതയം ദിനത്തിൽ നന്ദനം സിംഫണി അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഫ്യൂഷൻ തുടർന്ന് ജാസി ഗിഫ്റ്റ് അവതരിപ്പിക്കുന്ന മ്യൂസിക് നൈറ്റ് എന്നിവ നടക്കും.

date