Skip to main content
അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന ജില്ലാതല ഓണാഘോഷ പരിപാടികള്‍ക്ക് തേക്കിന്‍കാട് മൈതാനിയില്‍ വര്‍ണാഭമായ തുടക്കം

ജില്ലാതല ഓണാഘോഷത്തിന് വര്‍ണാഭമായ തുടക്കം

പുലിക്കളിയിലേക്ക് പുതുതലമുറയെ ആകര്‍ഷിക്കാന്‍ പദ്ധതി: മന്ത്രി കെ രാജന്‍

അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന ജില്ലാതല ഓണാഘോഷ പരിപാടികള്‍ക്ക് തേക്കിന്‍കാട് മൈതാനിയില്‍ വര്‍ണാഭമായ തുടക്കം. താളമേളങ്ങളും നൃത്തനൃത്യങ്ങളും ആട്ടവും പാട്ടുമെല്ലാം കൊഴുപ്പേകിയ ചടങ്ങില്‍ ആഘോഷപരിപാടികളുടെ ജില്ലാതല ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു.

കേരളത്തിന്റെ സാംസ്‌കാരിക സന്ദേശമാണ് ഓണമെന്നും തൃശൂരിന്റെ ഓണാഘോഷങ്ങളില്‍ പുലിക്കളി ഈ വര്‍ഷവും മികച്ച അനുഭവങ്ങള്‍ സമ്മാനിക്കുമെന്നും മന്ത്രി പറഞ്ഞു. വിവിധ സാംസ്‌കാരിക- കല പരിപാടികളിലൂടെ കടന്ന് പോയി സെപ്റ്റംബര്‍ ഒന്നിന് പുലിക്കളിയോടെ അവസാനിക്കുന്ന ജില്ലയിലെ ഓണാഘോഷം കേരളത്തിന്റെ ഓണാഘോഷ പരിപാടികള്‍ക്ക് കൂടുതല്‍ ചാരുത പകരും. ഈ വര്‍ഷം അഞ്ച് ദേശങ്ങളില്‍ നിന്നായുള്ള പുലികള്‍ സ്വരാജ് റൗണ്ടിനെ വലം വെക്കും. ഛായാചിത്രങ്ങളും നിരവധി പുതിയ മുഖങ്ങളും പുലിക്കളിക്ക് ആവേശം പടരുമെന്നും മന്ത്രി പറഞ്ഞു.

തൃശൂരിന്റെ സ്വന്തം പുലിക്കളി അന്യം നിന്നുന്ന സ്ഥിതിയുണ്ടാവരുത്. അതിനായി പുതുതലമുറയെ ഈ രംഗത്തേക്ക് ആകര്‍ഷിക്കാന്‍ കഴിയുന്ന വിധത്തില്‍ പദ്ധതിയ്ക്ക് രൂപം നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിവിധ ഫണ്ടുകള്‍ ലഭ്യമാക്കി പുലിക്കളിക്ക് കൂടുതല്‍ സഹായം നല്‍കാന്‍ ഇത്തവണ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

ജില്ലാതല ഓണാഘോഷത്തിന്റെ ഭാഗമായി 10,000 കുടുംബശ്രീ പ്രവര്‍ത്തകര്‍ അണിനിരക്കുന്ന മെഗാ തിരുവാതിരയുടെ മിനിയേച്ചര്‍ തിരുവാതിര തേക്കിന്‍കാട് മൈതാനിയില്‍ ആഗസ്റ്റ് 30 ന് നടക്കുമെന്നും മന്ത്രി പറഞ്ഞു. കേരളം ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കുന്ന ഏറ്റവും ശ്രേഷ്ഠമായ ഒരു സാംസ്‌കാരിക സന്ദേശമാണ് ഓണം. തുല്യ നീതി, കാര്‍ഷിക സമൃദ്ധി തുടങ്ങി ഓണം നിരവധി മൂല്യങ്ങള്‍ മുന്നോട്ട് വെയ്ക്കുന്നു. നാം നമ്മുടെ ഭൂമികള്‍ക്ക് മതിലുകള്‍ കെട്ടിയതു പോലെ മനസുകള്‍ക്ക് മതില്‍ കെട്ടരുതെന്നും അതാണ് ഓണം നല്‍കുന്ന സന്ദേശമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തേക്കിന്‍കാട് മൈതാനിയില്‍ നായ്ക്കനാലിന് സമീപം നടന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു അധ്യക്ഷയായി. ലോകമെമ്പാടുമുള്ള മലയാളികള്‍ എല്ലാതരത്തിലുമുള്ള വിഭാഗീയതകള്‍ക്കപ്പുറത്ത് മാനവികതയുടെ പേരില്‍ കൈകോര്‍ത്തു പിടിക്കുന്ന പൊതു ഇടങ്ങള്‍ ഓണാഘോഷത്തിന്റെ ഭാഗമായി ഉണ്ടാവുന്നു എന്നത് വളരെയേറെ അഭിനന്ദനീയമാണെന്ന് മന്ത്രി പറഞ്ഞു. കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ അരങ്ങേറുന്ന പ്രാദേശിക കലാരൂപങ്ങള്‍ മുതല്‍ തൃശൂര്‍ റൗണ്ടില്‍ ഇറങ്ങുന്ന പുലികള്‍ വരെ ഇവിടുത്തെ ഓണാഘോഷത്തിന്റെ ഭാഗമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തൃശൂര്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും ജില്ലാ ഭരണകൂടവും തൃശൂര്‍ കോര്‍പ്പറേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ' ഓണാഘോഷം 2023ന്റെ ജില്ലാ തല ഉദ്ഘാടനത്തില്‍ മേയര്‍ എം.കെ വര്‍ഗീസ്, ടി എന്‍ പ്രതാപന്‍ എം.പി, എം എല്‍ എമാരായ പി ബാലചന്ദ്രന്‍, എന്‍ കെ അക്ബര്‍, ജില്ലാ കലക്ടര്‍ വി.ആര്‍ കൃഷ്ണ തേജ, സംഗീത സംവിധായകരായ ഔസേപ്പച്ചന്‍, വിദ്യാധരന്‍ മാസ്റ്റര്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം കെ സുദര്‍ശന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍, ഡിവിഷന്‍ കൗണ്‍സിലര്‍ പൂര്‍ണിമ സുരേഷ്, വടക്കാഞ്ചേരി നഗരസഭ ചെയര്‍മാന്‍ പി എന്‍ സുരേന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ വി നഫീസ, ഡിടിപിസി എക്‌സിക്യൂട്ടീവ് ആന്റ് ഗവേണിംഗ് ബോഡി അംഗം പി ഗോപിനാഥന്‍, ഡിടിപിസി സെക്രട്ടറി ഡോ. ജോബി ജോര്‍ജ്ജ്, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഓണഘോഷം 2023ന്റെ ഉദ്ഘാടനത്തിനോട് അനുബന്ധിച്ച് പഞ്ചവാദ്യം, കേരള കലാമണ്ഡലത്തിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച രംഗപൂജ, കാരവന്‍ ബാന്റ് മിഥുന്‍ ജയരാജ് ആന്റ് ഡോ ബിനിത രഞ്ജിത്ത് അവതരിപ്പിച്ച സംഗീത സന്ധ്യ എന്നീ പരിപാടികള്‍ അരങ്ങേറി.

ഓണാഘോഷത്തിന്റെ ഭാഗമായി രണ്ടാം ദിവസമായ ഇന്ന് (ചൊവ്വ) ചാവക്കാട് വല്ലഭട്ട കളരി സംഘം അവതരിപ്പിക്കുന്ന കളരിപ്പയറ്റ് (5 മണി ), ബാംബൂ മ്യൂസിക് ഷോ (6 മണി), ആശാ ശരത്ത് അവതരിപ്പിക്കുന്ന ഡാന്‍സ് ഷോ (രാത്രി 7.30) എന്നിവ ഒരുക്കിയിട്ടുണ്ട്.

date