Skip to main content

ജില്ലാതല ഓണാഘോഷം സെപ്റ്റംബർ ഒന്നിന് സമാപിക്കും

ജനപങ്കാളിത്തം കൊണ്ടും വൈവിധ്യമാർന്ന കലാപരിപാടികളാലും നഗരത്തിന് മനോഹരമായ അനുഭവം പകർന്ന ജില്ലാതല ഓണാഘോഷ പരിപാടികള്‍ക്ക് നാളെ (സെപ്റ്റംബർ ഒന്ന് ) തേക്കിന്‍കാട് മൈതാനിയില്‍ സമാപനമാകും. സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തൃശൂര്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും ജില്ലാ ഭരണകൂടവും തൃശൂര്‍ കോര്‍പ്പറേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷം 2023ന്റെ മൂന്നാം ദിനത്തിൽ (ബുധൻ) പിന്നണി ഗായകൻ അക്ബർ ഖാൻ മെഗാ ഷോ ആൻഡ് മ്യൂസിക്കൽ പ്രോഗ്രാം അവതരിപ്പിച്ചു. തുടർന്ന് സതീഷ് കലാഭവന്റെ നേതൃത്വത്തിലുള്ള സംഘം കോമഡി ആൻഡ് സിനിമാറ്റിക് ഡാൻസ്, പ്രശസ്ത സിനിമാതാരം ടിനി ടോം നയിച്ച കോമഡി ആൻഡ് സ്പെഷ്യൽ ആക്ട് ഷോ എന്നിവയും അരങ്ങേറി.

നാലാം ദിനമായ ഇന്ന് (വ്യാഴം) വൈകിട്ട് 5 ന് തൃശ്ശൂർ എക്സൈസ് വിമുക്തി മിഷൻ ലഹരിവിരുദ്ധ ബോധവത്ക്കരണ കലാപരിപാടികൾ അവതരിപ്പിക്കും. തുടർന്ന് 5. 30ന് തൃശൂർ പത്മനാഭൻ നയിക്കുന്ന സിംഗേഴ്സ് ആർട്ടിസ്റ്റിന്റെ ഓൾഡ് ഈസ് ഗോൾഡ് ഗാനമേള, രാത്രി ഏഴിന് രാജേഷ് ചേർത്തലയുടെ ഓടക്കുഴൽ ഫ്യൂഷൻ മ്യൂസിക്കും അരങ്ങേറും.

സമാപന ദിവസമായ സെപ്റ്റംബര്‍ ഒന്നിന് വൈകിട്ട് നാലിന് പുലിക്കളി മല്‍സരം നടക്കും. 5.30ന് നടക്കുന്ന സമാപന സമ്മേളനം പട്ടികജാതി- പട്ടികവർഗ- ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ അധ്യക്ഷനാകും. ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു മുഖ്യാതിഥിയാകും. മേയര്‍, എംപിമാര്‍, എംഎല്‍എമാര്‍, വിശിഷ്ടാതിഥികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് തൃശൂര്‍ കലാസദന്‍ ഒരുക്കുന്ന മ്യൂസിക് നൈറ്റോടെ ആഘോഷ പരിപാടികള്‍ക്ക് തിരശ്ശീല വീഴും.

date