Skip to main content
ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന 'ലാവണ്യം' ജില്ലാതല ഓണാഘോഷ പരിപാടികളുടെ ഭാഗമായി ദർബാർ ഹാൾ മൈതാനിയിൽ ഫ്രീഡം ഓൺ വീൽസ്  അവതരിപ്പിച്ച മോട്ടിവേഷണൽ ഷോ.

ഓണാഘോഷങ്ങൾക്ക് മാറ്റ് കൂട്ടി ലാവണ്യം: പാട്ടിനും പൊട്ടിച്ചിരിക്കും വേദിയായി ദർബാർ ഹാൾ മൈതാനം

ഓണാഘോഷങ്ങളുടെ മാറ്റ് കൂട്ടി അവിട്ടം ദിനത്തിൽ പാട്ടിനും പൊട്ടിച്ചിരിക്കും വേദിയായി ദർബാർ മൈതാനം. ലാവണ്യം 2023 ന്റെ ഭാഗമായാണ് മനോഹരമായ കലാപ്രകടനങ്ങൾ അരങ്ങേറിയത്.

ചക്ര കസേരയിലിരുന്ന് ഉള്ളിലുള്ള സംഗീതം ആഘോഷമാക്കുന്ന " ഫ്രീഡം ഓൺ വീൽസ് " ഗാനമേള ട്രൂപ്പിലെ ഗായകന്മാരുടെ സംഗീത വിരുന്നിലൂടെയാണ് നാലാം ദിനം  ദർബാർ മൈതാനത്തെ ഓണാഘോഷ പരിപാടികൾക്ക് തുടക്കമായത്. പഴയ കാലത്തേക്ക് കൂട്ടിക്കൊണ്ട് പോകുന്ന ഗൃഹാതുരത്വം തുളുമ്പുന്ന ഗാനങ്ങൾക്കൊപ്പം പുതിയ കാലത്തിന്റെ ആവേശം നിറഞ്ഞു നിൽക്കുന്ന  ഗാനങ്ങളുമായി ആസ്വാദകരുടെ മനസിൽ സംഗീതത്തിന്റെ ആനന്ദം സൃഷ്ടിക്കാൻ കലാകാരന്മാർക്ക് കഴിഞ്ഞു. മെലഡിക്കൊപ്പം ഫാസ്റ്റ് നമ്പറുകളും നാടൻ പാട്ടുകളും പാടി തുടങ്ങിയതോടെ നിലയ്ക്കാത്ത കരഘോഷത്തോടെയാണ് ദർബാർ ഹാൾ മൈതാനത്തെ നിറഞ്ഞ സദസ്സ് കലാപ്രകടനം ഏറ്റെടുത്തത്.

തുടർന്ന് നടനം ടീം മനോഹരമായ നൃത്ത ചുവടുകളുമായി വേദിയിൽ അത്ഭുതം സൃഷ്ടിച്ചു. പൊട്ടിച്ചിരികളും നൃത്തവും മനോഹരഗാനവും കോർത്തിണക്കി " ചിരി മേളം" പരിപാടിയുമായി നയാഗ്ര ഇവന്റ്സ് വേദി കീഴടക്കി. വിവിധ ഭാഷകളിലെ ഗാനങ്ങളും നയന മനോഹരമായ നൃത്തങ്ങളും ആസ്വാദകരിൽ നവ്യാനുഭവം സൃഷ്ടിച്ചു. തമാശകൾ കോർത്തിണക്കിയ സ്കിറ്റുകൾ ആസ്വാദകരെ പൊട്ടിച്ചിരിപ്പിച്ചു.

ജില്ലാ ഭരണകൂടവും  ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന  ലാവണ്യം 2023 നോട് അനുബന്ധിച്ച് ആഗസ്റ്റ് 27നാണ് ദർബാർ മൈതാനത്ത് കലാപരിപാടികൾക്ക് തുടക്കമായത്. ആഗസ്റ്റ്  31 ചതയം ദിനത്തിൽ നന്ദനം സിംഫണി അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഫ്യൂഷൻ തുടർന്ന് ജാസി ഗിഫ്റ്റ് അവതരിപ്പിക്കുന്ന മ്യൂസിക് നൈറ്റ് എന്നിവയോട് കൂടി ദർബാർ ഹാൾ മൈതാനത്തെ പരിപാടികൾക്ക് സമാപനമാകും.

date