Skip to main content

മാലിന്യ മുക്തമാക്കി ഹരിത പ്രോട്ടോകോൾ ഓണം

ആളൊരുങ്ങി അരങ്ങൊരുങ്ങി, കനകക്കുന്നിൽ ഓണഘോഷം കൊടിയേറി. ഇനിയൊരാഴ്ചക്കാലം നഗരവീഥികളെ ആഹ്ലാദത്തിലാക്കി ലക്ഷക്കണക്കിന് സന്ദർശകർ കനകക്കുന്നിലേക്ക് ഒഴുകിയെത്തും. ആഘോഷങ്ങളിൽ മതിമറന്ന് കനകക്കുന്നിന്റെ സ്വാഭാവിക ഭംഗി നശിപ്പിക്കാതിരിക്കുക എന്നത് എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്വമാണ്.
മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഓണാഘോഷങ്ങൾ പൂർണമായും ഹരിത പ്രോട്ടോകോൾ പാലിച്ചു നടപ്പിലാക്കാൻ ശ്രമിക്കുകയാണ് സംഘാടകർ. ഇതിനായി കനകക്കുന്നിനെ മാലിന്യ മുക്തമായി സംരക്ഷിക്കാൻ ഗ്രീൻ ആർമിയും ഒരുങ്ങിക്കഴിഞ്ഞു.ഹരിത പ്രോട്ടോകോൾ പൂർണമായും നടപ്പിലാക്കുന്നത് ഉറപ്പു വരുത്താൻ ഇരുന്നൂറോളം വരുന്ന ഗ്രീൻ ആർമി അംഗങ്ങളാണ് രംഗത്തുള്ളത്. സർവ്വ സന്നാഹങ്ങളുമായി ശുചിത്വ മിഷനും നഗരസഭയും ഒപ്പമുണ്ട്. ആഘോഷങ്ങൾ മാലിന്യ മുക്തമായി കൊണ്ടാടുക എന്ന സന്ദേശമേകി പൂർണമായും പ്ലാസ്റ്റിക്കുകൾ ഉപയോഗിച്ച് നിർമിച്ച കനകക്കുന്ന് കവാടത്തിലെ ഭീമൻ സർപ്പം ഇതിനോടകം ജനശ്രദ്ധ നേടി. നഗര സഭ ആരോഗ്യകാര്യ സമിതി അധ്യക്ഷ ഗായത്രി ബാബു ഗ്രീൻ ആർമിയുടെ പ്രവർത്തനങ്ങൾ ഫ്ലാഗ് ഓഫ്‌ ചെയ്തു. മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ കോ ഓർഡിനേറ്റർ ഗ്രീൻ ആർമിയുടെ യൂണിഫോം ടി ഷർട്ടുകൾ ഗായത്രി ബാബുവിന് കൈമാറി.

date