Skip to main content

സംരംഭകർക്കായുളള സൗജന്യ ഹെൽപ്പ് ഡെസ്ക് ഉദ്ഘാടനം ചെയ്തു

 

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ട് ഓഫ് ഇന്ത്യ (ഐ സി എ ഐ) യുടെയും സംയുക്ത ആഭിമുഖ്യത്തിൽ സംരംഭകർക്കായുളള സൗജന്യ ഹെൽപ്പ് ഡെസ്ക് തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. 

ടാക്സ്, ഫിനാൻസ്, ഓഡിറ്റ് എന്നിവ സംബന്ധിച്ച സംരംഭകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് ഹെൽപ്പ് ഡെസ്ക്കിന് രൂപം നൽകിയിരിക്കുന്നത്. അതത് മേഖലകളിൽ വിദഗ്ദ്ധരായ ചാർട്ടേർഡ് അക്കൗണ്ടന്റ്മാരുടെ പാനലാണ് സംരംഭകരുടെ പ്രശ്നങ്ങൾ പരിശോധിക്കുന്നത്. തികച്ചും സൗജന്യമായാണ് സേവനം നൽകുന്നത്.  എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച രാവിലെ 11 മണി മുതൽ 1 മണി വരെയാണ് ഹെൽപ്പ് ഡസ്ക് പ്രവർത്തിക്കുക. സംരംഭകർക്ക് പ്രശ്നപരിഹാരത്തിനായി പ്ലാനറ്റോറിയത്തിനു സമീപത്ത് പ്രവർത്തിക്കുന്ന ഐ സി എ ഐ ഓഫീസുമായോ ജില്ലാ വ്യവസായ കേന്ദ്രവുമായോ ബന്ധപ്പെടാവുന്നതാണ്. ഫോൺ: 04952770124
 
ഐ സി എ ഐ  ചെയർമാൻ മുജീബ് റഹ്മാൻ.എം.കെ അധ്യക്ഷത വഹിച്ചു. വിവിധ ബിസിനസ്സ് ഘടനകളെക്കുറിച്ച് ജിയോ ജേക്കബ് ക്ലാസെടുത്തു.  കെ എസ് എസ് ഐ എ ജില്ലാ പ്രസിഡന്റ് എം. അബ്ദുറഹ്മാൻ, വെസ്റ്റ്ഹിൽ ഡിപി ഇൻഡസ്ട്രീസ് അസോസിയേഷൻ സെക്രട്ടറി പോൾ വർഗ്ഗീസ്, മലബാർ ചേംബർ ഓഫ് കൊമേഴ്സ് മുൻ പ്രസിഡന്റ്  മോഹൻ.സി, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ നിതിൻ.പി എന്നിവർ സംസാരിച്ചു.
   
ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ രഞ്ജിത് ബാബു സ്വാഗതവും ഐ സി എ ഐ സെക്രട്ടറി സച്ചിൻ ശശിധരൻ നന്ദിയും പറഞ്ഞു.

date