Skip to main content

ക്യൂരിയോ കോൺ- പ്ലാസ്മ എക്സിബിഷനിൽ ലക്ഷ്യ പദ്ധതിയും പങ്കാളിയാവുന്നു

 

കോഴിക്കോട് എൻ.ഐ.ടിയിൽ നടക്കുന്ന ക്യൂരിയോ കോൺ പ്ലാസ്മ എക്സ്ബിഷനിൽ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ ലക്ഷ്യ പദ്ധതിയിലൂടെ നൂതനാശയങ്ങൾ അവതരിപ്പിക്കും. സെപ്റ്റംബർ നാല് മുതൽ എട്ട് വരെയാണ് എക്സിബിഷൻ. ലോകത്തിലെ തന്നെ ശ്രദ്ധേയമായ ശാസ്ത്ര ഗവേഷണ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്മ റിസർച്ചിന്റെ നേതൃത്വത്തിലാണ് പ്ലാസ്മ എക്സിബിഷൻ നടക്കുക.

ജില്ലയിലെ അഡൽ ടിങ്കറിംഗ് ലാബുകൾ, എഡ്യൂമിഷൻ ഇന്നവേഷൻ ലാബുകളുള്ള വിദ്യാലയങ്ങൾ, ഇൻസ്പെയർ മനാക്കിന്റെ ഭാഗമായി വേറിട്ട ആശയങ്ങൾ കണ്ടെത്തിയ വിദ്യാർത്ഥികളുടെ ആശയങ്ങൾ തുടങ്ങിയവ ഷോക്കേസ് ചെയ്യാനും അവതരിപ്പിക്കാനുമുള്ള വേദി കൂടിയാണിത്. വിവിധ ശാസ്ത്ര മേഖലകളെ കുറിച്ചുള്ള സെമിനാറുകളും ഉൾപ്പെടുന്ന ശാസ്ത്ര വിരുന്നാണ് ക്യൂരിയോ കോണിന്റെ ഭാഗമായി നടക്കുന്നത്. 

കോഴിക്കോട് എൻ.ഐ.ടി ഫിസിക്സ് വിഭാഗം, ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം(ഡയറ്റ് ), ജില്ലാ ഭരണകൂടത്തിന്റെ കീഴിലുള്ള എഡ്യൂമിഷൻ, ജില്ലാ സയൻസ് ക്ലബ്, ഇ.ടി ക്ലബ്ബ് തുടങ്ങിയവയാണ് പഞ്ചദിന ശാസ്ത്ര വിരുന്നിന് നേതൃത്വം നൽകുന്നത്.

ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യ ടീമിനും ക്യരിയോകോൺ എക്സിബിഷനിൽ പങ്കെടുക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി സുനിൽകുമാർ പറഞ്ഞു. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഒരു ബ്ലോക്ക്പഞ്ചായത്ത് ഇത്തരം  ഒരു നൂതന പദ്ധതി നടപ്പിലാക്കുന്നത്.

ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള വിവിധ വിദ്യാലയങ്ങളിൽ നിന്നായി 19 കുട്ടി ശാസ്ത്രജ്ഞന്മാരാണ് അവരുടെ നൂതന ആശയങ്ങൾ അവതരിപ്പിക്കുന്നത്. ചേളന്നൂർ ബ്ലോക്കിന്റെ പരിധിയിലുള്ള പഞ്ചായത്തുകളിലെ പൊതുജനങ്ങളും അവരുടെ നൂതന നിർമിതികൾ പ്രദർശിപ്പിക്കും.

date