Skip to main content

ജനകീയ ഹോട്ടൽ: കുടിശ്ശിക ഉടൻ വിതരണം ചെയ്യും

കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്ക് കുടിശ്ശികയായ തുക ഉടൻ തന്നെ വിതരണം ചെയ്യുമെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ജാഫർ കെ കക്കൂത്ത് അറിയിച്ചു. ഇത് സംബന്ധിച്ച് കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടറിൽ നിന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. സെപ്റ്റംബർ നാലിന് ജനകീയ ഹോട്ടൽ കൺസോർഷ്യം ഭാരവാഹികളും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുമായുമായുള്ള കൂടിക്കാഴ്ചയിൽ കുടിശ്ശികയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ കൂടുതൽ ചർച്ച ചെയ്ത് തീരുമാനിക്കും. ഇപ്പോഴത്തെ സമര പരിപാടി കുറച്ച് ഹോട്ടലുകൾ മാത്രം ചേരി തിരിഞ്ഞു നടത്തുന്ന പ്രവർത്തനം മാത്രമാണ്. കുടിശ്ശികയുടെ കാര്യത്തിൽ ഇത്തരമൊരു സമരത്തിന്റെ ആവശ്യമില്ല. സർക്കാർ നിർത്തലാക്കിയത് ജനകീയ ഹോട്ടലുകൾക്കുള്ള സബ്‌സിഡി  മാത്രമാണ്. വൈദ്യുതി, വെള്ളം, വാടക എന്നിവ പഞ്ചായത്തിൽ നിന്നും തുടർന്നും ലഭിക്കും. നിലവിൽ 20 രൂപക്കു തന്നെ നഷ്ടങ്ങളില്ലാതെ ജനകീയ ഹോട്ടൽ തുടർന്നു കൊണ്ടുപോകാൻ സന്നദ്ധത അറിയിച്ചവരും കുടുംബശ്രീയിലുണ്ട്. എല്ലാ കണക്കുകളും കൃത്യമായി നൽകിയ ഹോട്ടലുകൾക്ക് 2022 ഒക്ടോബർ വരെയുള്ള കുടിശ്ശിക നൽകിയിട്ടുണ്ട്. 2.5 കോടി രൂപ രണ്ടുമാസം മുമ്പാണ് വിതരണം ചെയ്തത്. ബാക്കി തുക ഉടൻ തന്നെ വിതരണം ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യം അടിയന്തിര പ്രാധാന്യത്തോടെ സർക്കാർ പരിഗണിച്ചിട്ടുണ്ടെന്നും 2023 ഓഗസ്റ്റ് ഒന്ന് മുതൽ 11 വരെയുള്ള 10 രൂപ സബ്‌സിഡി 25,22,020 രൂപ കൂടി സർക്കാർ നൽകാൻ ഉദ്ദേശിക്കുന്നുണ്ടെന്നും ജില്ലാ മിഷൻ കോ ഓർഡിനേറ്റർ അറിയിച്ചു.

date