Skip to main content
ഓണത്തിനു മാത്രം പുനര്‍ഗേഹം വഴി വീടായത് 11 കുടുംബങ്ങള്‍ക്ക്

ഓണത്തിനു മാത്രം പുനര്‍ഗേഹം വഴി വീടായത് 11 കുടുംബങ്ങള്‍ക്ക് - 248 പേര്‍ സുരക്ഷിത വീടുകളിലേക്ക് മാറി  - 85 വീടുകളില്‍ സൗജന്യമായി സോളാര്‍ പാനല്‍ സ്ഥാപിച്ചു

ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് വഴി നടപ്പാക്കുന്ന പുനര്‍ഗേഹം പദ്ധതിയിലൂടെ ഈ ഓണത്തിനു മാത്രം ജില്ലയില്‍ വീടൊരുങ്ങിയത് 11 പേര്‍ക്ക്. തറയില്‍ക്കടവിലും തൃക്കുന്നപ്പുഴയിലും അമ്പലപ്പുഴയിലുമായി രണ്ടു വീതവും ആറാട്ടുപുഴ, പുന്തല, പുറക്കാട്, ചേര്‍ത്തല, തുറവൂര്‍ എന്നിവിടങ്ങളില്‍ ഒരു വീട് വീതവുമാണ് ഓണക്കാലത്ത് താമസയോഗ്യമായത്. 450 ചതുരശ്ര അടി മുതല്‍ 1100 ചതുരശ്ര അടി വരെ വിസ്തീര്‍ണമുള്ളതാണ് വീടുകള്‍. രണ്ട് കിടപ്പുമുറി, അടുക്കള, ലിവിംഗ്/ഡൈനിംഗ് ഏരിയ, ടോയ്ലറ്റ് എന്നിവയടങ്ങുന്നതാണ് ഓരോ വീടും. നൂറുദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മ്മാണം.

നിലവില്‍ ജില്ലയില്‍ തീരപ്രദേശത്ത് നിന്നും സുരക്ഷിത മേഖലയിലേക്ക് മാറി താമസിക്കാന്‍ സന്നദ്ധത അറിയിച്ചത് 1212 പേരാണ്. ഇതുവരെ 720 ഗുണഭോക്താക്കള്‍ ഭൂമിയുടെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയും 517 പേര്‍ പദ്ധതി ധനസഹായമായ പത്തുലക്ഷം രൂപ പൂര്‍ണമായും കൈപ്പറ്റുകയും ചെയ്തു. 318 ഗുണഭോക്താക്കള്‍ വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും 248 ഗുണഭോക്താക്കള്‍ സുരക്ഷിത വീടുകളിലേക്ക് മാറി താമസിക്കുകയും ചെയ്തു. ഇതില്‍ 85 വീടുകളില്‍ അനെര്‍ട്ടിന്റെ സാമ്പത്തിക സഹായത്തോടെ രണ്ട് ലക്ഷം രൂപ ചെലവുവരുന്ന സോളാര്‍ പാനലുകള്‍ സൗജന്യമായി വെച്ചു നല്‍കി.

പുനര്‍ഗേഹം പദ്ധതി വഴി പുറക്കാട് വില്ലേജില്‍ മണ്ണുപുറത്ത് നിര്‍മിക്കുന്ന ഫ്ളാറ്റിന്റെ നിര്‍മാണവും അന്തിമഘട്ടത്തിലാണ്. 204 കുടുംബങ്ങളെയാണ് ഈ ഫ്ളാറ്റിലേക്ക് പുനരധിവസിപ്പിക്കുക. 3.49 ഏക്കര്‍ സ്ഥലത്താണ് കേരള തീരദേശ വികസന കോര്‍പ്പറേഷന്‍ ആധുനിക ഫ്ളാറ്റ് സമുച്ചയം നിര്‍മിക്കുന്നത്. 

തീരപ്രദേശത്ത് വേലിയേറ്റ മേഖലയില്‍ നിന്നും 50 മീറ്ററിനുള്ളില്‍ താമസിക്കുന്ന കുടുംബങ്ങളെ സുരക്ഷിത മേഖലയില്‍ പുനരധിവസിപ്പിക്കുന്നതിന് കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് നടപ്പിലാക്കി വരുന്ന പദ്ധതിയാണ് പുനര്‍ഗേഹം. സുരക്ഷിത മേഖലയിലേക്ക് മാറി താമസിക്കാന്‍ തയ്യാറാവുന്ന ഗുണഭോക്താവിന് ഭൂമി വാങ്ങാനും ഭവന നിര്‍മ്മാണത്തിനും കൂടി പരമാവധി 10 ലക്ഷം രൂപ  ധനസഹായം നല്‍കും.

date