Skip to main content
പാളയാണ് സര്‍ ഇവരുടെ മെയിന്‍; പാളയില്‍ നിന്ന് ജീവിതം മെനഞ്ഞ് മൂന്ന് സ്ത്രീകള്‍

പാളയാണ് സര്‍ ഇവരുടെ മെയിന്‍; പാളയില്‍ നിന്ന് ജീവിതം മെനഞ്ഞ് മൂന്ന് സ്ത്രീകള്‍

ആലപ്പുഴ: കണ്ടല്ലൂര്‍ പഞ്ചായത്തിലെ പട്ടോളി മാര്‍ക്കറ്റ് ജംഗ്ഷനില്‍ തനിമ അരക്കനട്ട് പ്ലേറ്റ് പ്രൊഡക്ഷന്‍ യൂണിറ്റിലെ പാളപാത്ര നിര്‍മാണ മെഷീനിന് ഒരു വിശ്രമവുമില്ല. ഇവിടെ പാളയില്‍ നിന്ന് ജീവിതം മെനയുകയാണ് പ്രതീക്ഷ കുടുംബശ്രീയിലെ മൂന്ന് വനിതകള്‍. സംരംഭകരായ രമ്യ സജിയും കൂട്ടുകാരായ രേഖ അനീഷും ആശ രാജേഷുമാണ് പാളയില്‍ നിന്ന് പ്രകൃതി സൗഹൃദ ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് വിപണിയിലെത്തിക്കുന്നത്. വ്യവസായ വകുപ്പിന്റെ75 ശതമാനം സബ്‌സിഡിയില്‍പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ പ്ലേറ്റ്, സ്പൂണ്‍, ചെറിയ പാത്രങ്ങള്‍ എന്നിവയാണ് നിര്‍മിക്കുന്നത്. പാള പത്രങ്ങള്‍ക്ക് മൂന്ന് രൂപ വരെയാണ് വില. 

പാളപാത്ര നിര്‍മാണ യൂണിറ്റ് എന്ന ആശയം ആദ്യമുദിച്ചത് രമ്യയുടെ മനസ്സിലാണ്. അത് കൂട്ടുകാരികളുമായി പങ്കുവെച്ചു. അവരും തയ്യാറായതോടെ കോയമ്പത്തൂരില്‍ നിന്നും മെഷീന്‍ വാങ്ങി. അതില്‍ പരിശീലിച്ചു തുടങ്ങി. 'തൃശ്ശൂരില്‍ നിന്നുമാണ് പാള എത്തിക്കുന്നത്. ഒരു പാളയ്ക്ക് ഏഴര രൂപയാണ് വില. രണ്ടു മണിക്കൂര്‍ വെള്ളത്തില്‍ മുക്കിവെച്ച് ബ്രഷ് ഉപയോഗിച്ച് വൃത്തിയായി കഴുകി നനവ് മാറിയ ശേഷം പാള മെഷീനിലേക്ക് വയ്ക്കും. മെഷീനില്‍ വച്ചിരിക്കുന്ന അച്ചിന്റെ ആകൃതിയില്‍ അഞ്ചു മിനിറ്റ് കഴിയുമ്പോള്‍ പ്ലേറ്റുകള്‍ തയ്യാറായി വരും.ഈ പ്ലേറ്റുകള്‍ വൃത്തിയായി തുടച്ച് പാക്ക് ചെയ്യും. ഒരു ദിവസം 200 പ്ലേറ്റുകള്‍ വരെ ഉണ്ടാക്കാന്‍ സാധിക്കും. കഴുകി ഉണക്കി സൂക്ഷിച്ചാല്‍ രണ്ടാഴ്ച വരെ പ്ലേറ്റുകള്‍ ഉപയോഗിക്കാം. ചടങ്ങുങ്ങള്‍ക്കും മറ്റും ഇപ്പോള്‍ പാള പ്ലേറ്റിന് ചോദിച്ച് ഒട്ടേറെ പേര്‍ എത്തുന്നുണ്ട്.'- രമ്യ പറഞ്ഞു.

date