Skip to main content

ഗുരുവായൂർ ഗവ. ആയുർവേദ ആശുപത്രിയുടെ മുഖച്ഛായ മാറുന്നു

ഗുരുവായൂർ ഗവ. ആയുർവേദ ആശുപത്രി വികസന കുതിപ്പിലേക്ക്.  പഴയ ആശുപത്രി കെട്ടിടം പൊളിച്ചു മാറ്റി ആധുനിക സൗകര്യങ്ങളടങ്ങിയ പുതിയ കെട്ടിടം യഥാർഥ്യമാകുന്നു. മൂന്ന് കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ആശുപത്രിയിൽ പ്രാവർത്തികമാക്കുക.  ബജറ്റിൽ നിന്നും 2.11 കോടി രൂപയും എൻ കെ അക്ബർ എംഎൽഎയുടെ  ഫണ്ടിൽ നിന്നും 73 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. നിർമ്മാണത്തിന് തികയാതെ വരുന്ന തുക എംഎൽഎ ഫണ്ടിൽ നിന്നും വീണ്ടും അനുവദിക്കും. 

കേരള അക്രഡിറ്റേഷൻസ് സ്റ്റാൻഡേർഡ് ഫോർ ആയുഷ് ആശുപത്രി (KASH) നിലവാരത്തിൽ  ആശുപത്രിയെ നവീകരക്കുകയാണ് ലക്ഷ്യം. ആധുനിക സൗകര്യങ്ങൾ ഒരുക്കുന്നതോടെ അമ്പതോളം രോഗികളെ കിടത്തി ചികിത്സിക്കാനും ഇതുവഴി സാധിക്കും. ഫാർമസി, ഫിസിയോ തെറാപ്പി, യോഗ,എക്സറേ, എന്നിങ്ങനെ ഒട്ടനവധി സൗകര്യങ്ങളും ഇതോടെ വർധിപ്പിക്കാനാകും.

1960 കാലഘട്ടത്തിൽ ഗുരുവായൂർ  പടിഞ്ഞാറെ നടയിലെ  അപ്പാസ് തീയറ്ററിനു സമീപം ഡിസ്പെൻസറിയായാണ് പ്രവർത്തനമാരംഭിച്ചത്. പിന്നീട് കിഴക്കേ നടയിൽ മഞ്ജുളാൽ ദേവസ്വം കെട്ടിടത്തിലേക്ക് മാറ്റി.1995 ന് ശേഷമാണ് ആശുപത്രി നഗരസഭ ഏറ്റെടുത്തത്. 

1974 ലാണ് ആശുപത്രിയിൽ കിടത്തി ചികിത്സ ആരംഭിച്ചത്. തുടക്കത്തിൽ 15 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമാണ് ഉണ്ടായിരുന്നത്. നിലവിൽ 30 ബെഡുണ്ട്. എട്ട് പേ വാർഡും ലാബ് സൗകര്യവും സജ്ജമാണ്. ഒരു മർമ്മ സ്പെഷ്യലിസ്റ്റ്  ഉൾപ്പെടെ അഞ്ച് ഡോക്ടന്മാരും പാരാമെഡിക്കൽ സ്റ്റാഫും ആശുപത്രിയിൽ പ്രവർത്തിക്കുന്നുണ്ട്.  പഞ്ചകർമ്മ ചികിൽസയും  ലഭ്യമാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നും രോഗികൾ ഇവിടെ ചികിത്സക്കെത്തുന്നുണ്ട്. തൃശൂർ നഗരം കഴിഞ്ഞാൽ ജില്ലയിൽ കിടത്തി ചികിത്സയുള്ള ഏക ആയുർവേദ ആശുപത്രിയാണ് ഗുരുവായൂരിലേത്. അതിനാൽ ആശുപത്രി നവീകരണം തീരദേശ മേഖലയിലെ ജനങ്ങൾക്ക് കൂടി വളരെ ആശ്വാസകരമാകും.

date