Skip to main content
മാലിന്യമുക്തം നവകേരളം ജില്ലാ ക്യാമ്പയിന്റെ ഭാഗമായി ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗം.

മാലിന്യമുക്തം നവകേരളം ഒക്ടോബര്‍ രണ്ട് മുതല്‍ ദശദിന പരിപാടി

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഒക്ടോബര്‍ രണ്ട് മുതല്‍ ദശദിന പരിപാടി സംഘടിപ്പിക്കാന്‍ ജില്ലാ ക്യാമ്പയിന്‍ സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനം. ഒക്ടോബര്‍ രണ്ടിന് ജില്ലയില്‍ വ്യാപകമായി മെഗാ ശുചീകരണ പരിപാടികള്‍ സംഘടിപ്പിക്കും. പൊതുസ്ഥലങ്ങള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, കോളെജുകള്‍, വീടുകള്‍, ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ശുചീകരണം നടത്തും. ഇതിന് മുന്നോടിയായി പ്രത്യേക അയല്‍ക്കൂട്ടങ്ങളും ബാലസഭകളും ചേരും. വലിച്ചെറിയല്‍ മുക്ത അയല്‍ക്കൂട്ടഭവനങ്ങള്‍, ഹരിതകര്‍മ്മ സേനക്ക് 100 ശതമാനം യൂസര്‍ ഫീ നല്‍കല്‍, ഹരിത കര്‍മ്മസേനക്ക് അജൈവ മാലിന്യങ്ങള്‍ കൃത്യമായി തരംതിരിച്ചു നല്‍കല്‍, മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നവരുടെ വിവര ശേഖരണം, മാലിന്യ മുക്ത നവകേരളത്തിനായി എന്റെ അയല്‍ക്കൂട്ടത്തിന് എന്ത് ചെയ്യാനാവും എന്ന ചര്‍ച്ച എന്നിവ ലക്ഷ്യമിട്ടാണ് പ്രത്യേക അയല്‍കൂട്ടം ചേരുന്നത്.
ഇതിനുപുറമെ പൊതു ഇടങ്ങളുടെ ശുചീകരണത്തില്‍ ജലാശയങ്ങളുടെ ശുചീകരണത്തിന് പ്രാധാന്യം നല്‍കും. ഹരിതകര്‍മ്മസേന അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാനും യുവജനങ്ങള്‍, എന്‍.എസ്.എസ്, എന്‍.സി.സി, എസ്.പി.സി എന്നിവരുടെ സേവനങ്ങള്‍ ക്യാമ്പയിനില്‍ കൂടുതല്‍ ശക്തമാക്കാനും യോഗത്തില്‍ തീരുമാനമായി. സെപ്റ്റംബര്‍ 26 ന് ജില്ലാ ക്യാമ്പയിന്‍ സെല്‍ അംഗങ്ങളുടെ ആഭിമുഖ്യത്തില്‍ ബൈക്ക് റാലി സംഘടിപ്പിക്കും. യോഗത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ വി. പ്രദീപ് കുമാര്‍, നവകേരളം കോ-ഓര്‍ഡിനേറ്റര്‍ പി. സൈതലവി, സെക്രട്ടറിയേറ്റ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

date