Skip to main content

ആയുഷ്മാന്‍ ഭവ ക്യാമ്പയിന്‍: സി.എച്ച്‌.സികളില്‍ ശനിയാഴ്ചകളില്‍ മെഡിക്കല്‍ ക്യാമ്പുകൾ

കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന ആയുഷ്മാന്‍ ഭവ ക്യാമ്പയിനിന്റെ ഭാഗമായി മെഡിക്കല്‍ കോളേജിലെ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളില്‍ ശനിയാഴ്ചകളില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തും. ഗൈനക്കോളജി, ശിശുരോഗം സര്‍ജറി, ഇ.എന്‍.ടി, നേത്രരോഗം, മനോരോഗം തുടങ്ങിയ സ്‌പെഷാലിറ്റി ഡോക്ടര്‍മാര്‍ ആരോഗ്യമേളയില്‍ പങ്കെടുക്കും. ഇതു കൂടാതെ എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും, നഗരാരോഗ്യ കേന്ദ്രങ്ങളിലും ഹെല്‍ത്ത് മേള നടത്തും. ഓരോ ആഴ്ചയും പ്രത്യേക വിഷയങ്ങളെ ആസ്പദമാക്കിയാണ് ഹെല്‍ത്ത് മേള നടക്കുക.എല്ലാ ജനകീയാരോഗ്യകേന്ദ്രങ്ങളിലും കുടുംബാരോഗ്യകേന്ദ്രങ്ങളിലും നഗരാരോഗ്യകേന്ദ്രങ്ങളിലും ഹെല്‍ത്ത് മേളയുടെ ഭാഗമായി സ്‌ക്രീനിങ് ക്യാമ്പുകളും നടക്കും. ഈയാഴ്ച ജീവിതശൈലി രോഗ നിയന്ത്രണം ആസ്പദമാക്കിയാണ് ഹെല്‍ത്ത് മേള നടക്കുക. സൗജന്യ ജീവിതശൈലി രോഗം നിര്‍ണയ സൗകര്യവും ചികിത്സയുമാണ് ലഭ്യമാവുക. ഈയാഴ്ചയില്‍ ജില്ലയിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന ആരോഗ്യമേള ചുങ്കത്തറ സി.എച്ച്‌.സിയില്‍ വച്ചാണ് നടക്കുന്നത്. 

തുടര്‍ന്നുവരുന്ന എല്ലാ ശനിയാഴ്ചകളിലും തെരഞ്ഞെടുക്കപ്പെട്ട സി.എച്ച്‌.സികളില്‍ മെഡിക്കല്‍ കോളേജില്‍ നിന്നുളള വിദഗ്ദ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുളള മെഡിക്കല്‍ ക്യാമ്പുകൾ നടക്കും.

date