Skip to main content

ഡെങ്കിപ്പനി: കൊതുകിന്റെ ഉറവിടം ഇല്ലാതാക്കാൻ ശ്രദ്ധിക്കണമെന്ന് ഡി.എം.ഒ.

കോട്ടയം: ഇടവിട്ടുള്ള മഴ ആരംഭിച്ചതോടെ ജില്ലയിൽ വീണ്ടും ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർധിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ അറിയിച്ചു. സെപ്റ്റംബറിൽ 91 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സതേടി. ഇതിൽ അഞ്ചു പേർക്ക് രോഗം സ്ഥിരീകരിച്ചു.  അതിരമ്പുഴ, ഉദയനാപുരം, മുളക്കുളം, മീനച്ചിൽ പഞ്ചായത്തുകൾ, കോട്ടയം നഗരസഭ എന്നിവിടങ്ങളിലാണ് കൂടുതൽ പേർക്ക് രോഗം ബാധിച്ചത്. ഈ പ്രദേശങ്ങളിലുള്ളവർ കൊതുകിന്റെ ഉറവിടങ്ങൾ ഇല്ലാതാക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് ഡി.എം.ഒ. പറഞ്ഞു.
വീടിനുചുറ്റും മഴവെള്ളം കെട്ടിനിൽക്കുന്ന ചെറുപാത്രങ്ങൾ, ചിരട്ടകൾ, സൺഷേഡുകൾ, മരപ്പൊത്തുകൾ തുടങ്ങിയവയിൽ നിന്നും ടാപ്പിങ് നടത്താത്ത റബർ മരങ്ങളിലെ ചിരട്ടകൾ എന്നിവയിൽ നിന്നും കെട്ടിനിൽക്കുന്ന മഴവെള്ളം അടിയന്തരമായി നീക്കാൻ സഹകരിക്കണമെന്നും ഡെങ്കിപ്പനി വ്യാപനം തടയാൻ ഇതു സഹായിക്കുമെന്നും ഡി.എം.ഒ. പറഞ്ഞു.  ആഴ്ചയിലൊരിക്കലെങ്കിലും വീട്ടിനുള്ളിലും പരിസരത്തുമുള്ള കെട്ടിനിൽക്കുന്ന വെള്ളം ഒഴിവാക്കാനും പരിസരം ശുചിയാക്കാനും ശ്രദ്ധിക്കുന്നത് രോഗം വ്യാപിക്കുന്നതിനെ തടയും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഈ പ്രദേശങ്ങളിൽ ശക്തമായ കൊതുകുനിവാരണ പ്രവർത്തങ്ങൾ നടപ്പാക്കും.

 

date